a

രു പ്രത്യേക സാഹചര്യത്തിലാണ് എറണാകുളത്തെ ഒരു പൊതുപ്രവർത്തകന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരായ ആത്മഹത്യാശ്രമക്കേസ് റദ്ദാക്കണമെന്നായിരുന്നു ആവശ്യം. 2016ൽ ഭർത്താവ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സമയത്ത് ഹർജിക്കാരുടേതെന്ന പേരിൽ ശബ്ദസന്ദേശം പ്രചരിച്ചിരുന്നു. രാഷ്ട്രീയ എതിരാളികൾ എഡിറ്റ് ചെയ്തുണ്ടാക്കിയ വ്യാജ സന്ദേശമാണിതെന്നാണ് ഹർജിക്കാരിയുടെ വാദം. ഇതിൽ മനംനൊന്ത് അമിതമായി ഉറക്കഗുളിക കഴിച്ചിരുന്നു. കടുത്ത മാനസിക വിഷമത്തിൽ അന്ന് ചെയ്തുപോയതാണ്. വിഷയത്തിൽ പൊലീസ് കേസെടുത്ത് കോടതിയിൽ കുറ്റപത്രം നൽകി. മാനസിക സമ്മർദ്ദത്തിൽ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് ഇപ്പോൾ കുറ്റകരമല്ല. അതിനാൽ കേസിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു 43കാരിയുടെ ആവശ്യം. എന്നാൽ പ്രോസിക്യൂഷൻ നിലപാടിൽ ഉറച്ചുനിന്നു. സംഭവം നടക്കുന്ന സമയത്ത് എല്ലാ ആത്മഹത്യാശ്രമവും കുറ്റകരമായിരുന്നു. പിന്നീടാണ് മറിച്ചുള്ള നിയമവ്യവസ്ഥ വന്നതെന്നും വാദിച്ചു. എന്നാൽ ഹൈക്കോടതിയുടെ തീരുമാനം ഹ‌ർജിക്കാരിക്ക് അനുകൂലമായി. മാനസികാരോഗ്യ നിയമത്തിന് മുൻകാലപ്രാബല്യം നൽകി കേസ് റദ്ദാക്കി. സാമൂഹിക ക്ഷേമം ലക്ഷ്യമിട്ടുള്ള നിയമങ്ങൾക്ക് മുൻകാല പ്രാബല്യമാകാമെന്നും സിംഗിൾ ബെഞ്ച് വിധിച്ചു.

മാനസികാസ്വാസ്ഥ്യമുള്ളവരെ മറ്റു രോഗികൾക്ക് സമാനമായി പരിഗണിച്ച് സംരക്ഷിക്കാനും ചികിത്സിക്കാനും പുനരധിവസിപ്പിക്കാനുമാണ് സർക്കാർ ശ്രമിക്കേണ്ടതെന്നും ഹൈക്കോടതി ഓർമ്മിപ്പിച്ചു.

കള്ളക്കേസിനെതിരേ കേസ്

ചിന്തിപ്പിക്കുന്ന മറ്റൊരു വിധിയുണ്ടായത് കൊച്ചി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നിന്നാണ്. പള്ളുരുത്തി അഴകിയകാവ് ക്ഷേത്രഭൂമി കൈയ്യേറ്റം ചോദ്യംചെയ്ത കാൻസർ രോഗിയായ വയോധികനെ പോക്‌സോ കേസിൽ ഉൾപ്പടെ കുടുക്കാൻ ശ്രമിച്ചതിന് റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ മൂന്നുപേർക്കെതിരെ കോടതി കേസെടുക്കുകയായിരുന്നു. പ്രതികളിലൊരാൾ സ്ത്രീയാണ്. വ്യാജക്കേസുകളിൽ വലഞ്ഞ പി.എസ് ബാബു സുരേഷിന്റെ രണ്ട് ഹർജികളിലായിരുന്നു ഉത്തരവ്.

ക്ഷേത്രഭൂമിയുമായി ബന്ധപ്പെട്ട് സുരേഷ് വ്യക്തിപരമായി നടത്തുന്ന കേസുകളാണ് പ്രശ്‌നങ്ങൾക്ക് ആധാരമായത്. ക്ഷേത്രഭൂമിയിലൂടെ പള്ളുരുത്തിയിലെ പഴയ ഹൈവേയിലേക്ക് വഴിതുറക്കാനുള്ള നീക്കത്തെ സുരേഷ് ചെറുത്തതാണ് പരിസരവാസികളായ ചിലരുടെ എതിർപ്പിന് കാരണമായത്. ഇതിനിടെയാണ് 42കാരി സുരേഷിനെതിരെ വ്യാജ പോക്‌സോ പരാതി നൽകിയത്. ഇവർ മകളുമായി പോകവേ വീടിന്റെ കാർ പോർച്ചിലിരുന്ന് സുരേഷ് നഗ്നത കാണിച്ചെന്നായിരുന്നു പരാതി.

ബാലാവകാശ കമ്മിഷനാകട്ടെ സുരേഷിനെതിരെ കേസെടുത്തു. തുടർന്ന് എതിർകക്ഷികൾ വ്യാപകമായ പ്രചാരണം നടത്തി. പോക്‌സോ പരാതി ആദ്യം വിശ്വസിച്ചെങ്കിലും അതിൽ യാഥാർത്ഥ്യമില്ലെന്ന് മനസിലാക്കിയ സാക്ഷികൾ സത്യസന്ധമായി മൊഴിനൽകി. ഈ പശ്ചാത്തലത്തിൽ 42കാരിക്കെതിരെ അപകീർത്തിക്കുറ്റത്തിന് കേസെടുക്കാനാണ് കോടതി ഉത്തരവായത്.

പി.എസ് സുരേഷ് ക്രിമിനലാണെന്നും നിയമവിരുദ്ധ പ്രവൃത്തികൾ ചെയ്യുന്നയാളും സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ഫോട്ടോയെടുത്തും മറ്റും അവഹേളിക്കുന്നയാളുമാണെന്നും ആരോപിച്ച് റെസിഡൻസ് അസോസിയേഷന്റെ പേരിലും അല്ലാതെയും മുഖ്യമന്ത്രിക്കും പൊലീസിനും വ്യാജപരാതി നൽകിയതിനാണ് മറ്റ് രണ്ടുപേർക്കെതിരേ കോടതി കേസെടുത്തത്.

'സമൂഹം അന്ധരാകരുത്'

നൂറു ശതമാനം അന്ധയായ കോട്ടയം സ്വദേശിനി ഏറെ പ്രതീക്ഷയോടെയാണ് 2019ൽ പി.എസ്.സിയുടെ യു.പി. സ്കൂൾ അദ്ധ്യാപിക പരീക്ഷയ്ക്കായി അപേക്ഷിച്ചത്. എന്നാൽ കെ ടെറ്റ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാൻ വൈകി. ഇതിന്റെ പേരിൽ അപേക്ഷ നിരസിച്ചു. അപേക്ഷക ട്രൈബ്യൂണലിനെ സമീപിച്ചപ്പോൾ അനുഭാവപൂർവമായ തീരുമാനമുണ്ടായി. എന്നാൽ പി.എസ്.സി ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.

പി.എസ്.സി ഓൺലൈൻ അപേക്ഷാ പ്രക്രിയയുടെ സങ്കീർണത കാഴ്ചപരിമിതരടക്കമുള്ള ഭിന്നശേഷിക്കാർക്ക് പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നതായി ഹൈക്കോടതി വിലയിരുത്തി. ഇവർക്കുവേണ്ടി സേവനകേന്ദ്രങ്ങൾ ഒരുക്കാൻ സർക്കാരിനും പി.എസ്.സിക്കും ബാദ്ധ്യതയുണ്ടെന്നും ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. സർക്കാർ സംവിധാനങ്ങളും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുമെല്ലാം കാഴ്ചയുള്ളവർക്കായി തയാറാക്കിയതാണെന്നും കോടതി പറഞ്ഞു. ഇത് തുല്യതയ്ക്കുള്ള അവകാശങ്ങളുടെ ലംഘനമാണ്. അതിനാൽ സർക്കാരോ പി.എസ്.സിയോ മുൻകൈയെടുത്ത് പ്രത്യേക സേവനകേന്ദ്രങ്ങൾ സജ്ജമാക്കുമെന്നാണ് പ്രതീക്ഷയെന്നും ഉത്തരവിൽ എഴുതി.

അദ്ധ്യാപികയ്ക്കും നീതി

കളർ ഡ്രസ് ധരിച്ച് സ്കൂളിലെത്തിയ കുട്ടിയോട് യൂണിഫോമിട്ടു വരാൻ നിർബന്ധിച്ച പ്രിൻസിപ്പലിനെതിരെ ബാലനീതി നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി നടത്തിയ പരാമ‌ർശങ്ങളും ശ്രദ്ധേയമായി. തൃശൂർ ജില്ലയിലെ ഒരു വിദ്യാലയത്തിലെ പ്രിൻസിപ്പൽ നൽകിയ ഹ‌ർജിയിലായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. അദ്ധ്യാപികയുടെ നിർദ്ദേശം സ്കൂളിന്റെ അച്ചടക്കം മാനിച്ചാണെന്നും അത് അനുസരിക്കേണ്ടത് വിദ്യാർത്ഥികളുടെ കടമയാണെന്നും കോടതി വിലയിരുത്തി.

എട്ടാം ക്ലാസ് വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസും കോടതി നടപടികളും റദ്ദാക്കുകയും ചെയ്തു. 2020 മാർച്ച് രണ്ടിന് പരീക്ഷയുടെ മാർക്കറിയാനും പുതിയ പുസ്തകങ്ങൾ വാങ്ങാനുമായി കളർ ഡ്രസിട്ടാണ് കുട്ടി എത്തിയത്. വരാന്തയിലുണ്ടായിരുന്ന പ്രിൻസിപ്പൽ, കുട്ടിയുടേത് ''ബൾക്കി" ശരീരമാണെന്നു കമന്റ് പറയുകയും യൂണിഫോം ധരിച്ച് വരാൻ നിർദ്ദേശിച്ച് തിരിച്ചയയ്‌ക്കുകയും ചെയ്തെന്നാണ് പ്രോസിക്യൂഷൻ കേസ്.

എന്നാൽ, അക്കാഡമിക് വർഷം പൂർത്തിയായിട്ടില്ലാത്തതിനാൽ യൂണിഫോം വേണ്ടിയിരുന്നുവെന്ന് പ്രിൻസിപ്പൽ ചൂണ്ടിക്കാട്ടി. പരാതിക്കാരിയായ കുട്ടിയുടെ അമ്മ അതേ സ്കൂളിൽ അദ്ധ്യാപികയാണ്. പരീക്ഷാ ഡ്യൂട്ടിയിൽ ശ്രദ്ധക്കുറവുണ്ടായതിന് അവർക്ക് മെമ്മോ നൽകിയിരുന്നു. ഇതിന് പ്രതികാരമായാണ് മകൾ മുഖേന പരാതി നൽകിയതെന്നും വാദിച്ചു. കുട്ടിയുടെ മൊഴിയടക്കം പരിശോധിച്ച ഹൈക്കോടതി, ബാലനീതി നിയമത്തിന്റെ ലംഘനമുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി.

പി.എസ്.സി കേസിൽ കാഴ്ച പരിമിതരുടെ വിഷയം പരിഗണിച്ച ഡിവിഷൻ ബെഞ്ച് വിലപ്പെട്ട നിരീക്ഷണങ്ങൾ നടത്തിയിരുന്നു. ഭരണഘടന നമുക്ക് കാഴ്ച തന്നിരിക്കുന്നു. എന്നാൽ ഇത് തിരിച്ചറിഞ്ഞ് പ്രവർത്തിച്ചില്ലെങ്കിൽ നമ്മൾ അന്ധരായി മാറും. അത്തരത്തിൽ സഹജീവികളുടെ കാര്യത്തിൽ 'അന്ധത' വെടിയണമെന്ന സന്ദേശമായി ഈ കോടതി ഉത്തരവുകൾ.