കൊച്ചി: ക്ഷേത്രങ്ങളിലെ വീഡിയോ ചിത്രീകരണത്തിനും മൊബൈൽഫോൺ ഉപയോഗത്തിനും നിയന്ത്രണമേർപ്പെടുത്തുന്നതിൽ രണ്ടുമാസത്തിനകം തീരുമാനമെടുക്കണമെന്ന് കൊച്ചിൻ ദേവസ്വംബോർഡിന് ഹൈക്കോടതി നിർദ്ദേശം നൽകി. ക്ഷേത്രപരിശുദ്ധിയും ആചാരങ്ങളും സംരക്ഷിക്കപ്പെടുകയും ചട്ടങ്ങൾ കർശനമായി പാലിക്കുകയും വേണം. ഇതിന് വിരുദ്ധമായതൊന്നും ഒരു വ്യക്തിയുടെയും ഭാഗത്തുനിന്നുണ്ടാകരുതെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് വ്യക്തമാക്കി.

തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലെയും തേക്കിൻകാട് മൈതാനത്തെയും വീഡിയോ ചിത്രീകരണത്തിനും മൊബൈൽഫോൺ ഉപയോഗത്തിനുമെതിരെ തൃശൂർ സ്വദേശി നൽകിയ ഹർജിയെത്തുടർന്നുള്ള ഓംബുഡ്‌സ്‌മാൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്.
കേരള ഹിന്ദു പ്ലേസസ് ഒഫ് പബ്ലിക് വർഷിപ്പ് ആക്ട് പ്രകാരം ഓരോ ക്ഷേത്രത്തിന്റെയും ആചാരങ്ങൾ സംരക്ഷിക്കാൻ ട്രസ്റ്റിയോ ചുമതലപ്പെട്ട മറ്റാരെങ്കിലുമോ ബാദ്ധ്യസ്ഥനാണെന്ന് കോടതി പറഞ്ഞു. പരമ്പരാഗത ആചാരാനുഷ്ഠാനങ്ങൾ പിന്തുടരുന്നുണ്ടോയെന്നും ജീവനക്കാർ ചുമതലകൾ നിറവേറ്റുന്നുണ്ടോയെന്നും ഉറപ്പുവരുത്തണം. ക്ഷേത്രസ്ഥാപനങ്ങളുടെ നവീകരണം യഥാസമയം പൂർത്തിയാക്കുകയും ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും വേണം.
ദേവസ്വത്തിന്റെയും പുരാവസ്തുവകുപ്പിന്റെയും അനുമതിയില്ലാതെ വടക്കുംനാഥ ക്ഷേത്രത്തിൽ ഫോട്ടോഗ്രഫിയും വീഡിയോഗ്രഫിയും അനുവദനീയമല്ലെങ്കിലും വിവാഹങ്ങൾക്ക് 720 രൂപ ഫീസ് ചുമത്തി അനുമതി നൽകാറുണ്ടെന്ന് ഓംബുഡ്‌സ്‌മാന് ദേവസ്വം മാനേജർ മറുപടി നൽകിയിരുന്നു. മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആളുകൾ രഹസ്യമായി മൊബൈലിലും മറ്റും ഫോട്ടോയെടുക്കുന്നു. എന്നാൽ ദേവപ്രതിഷ്ഠയുടെ ഫോട്ടോയെടുക്കാൻ അനുവദിക്കാറില്ല. മൊബൈൽഫോണുകൾ നിക്ഷേപിക്കാൻ ക്ഷേത്രം ഓഫീസിൽ സൗകര്യമില്ലെന്നും അറിയിച്ചു.
ദേവസ്വം ചീഫ് വിജിലൻസ് ഓഫീസർ മേയ് പത്തിന് നൽകിയ റിപ്പോർട്ട് ബോർഡിന്റെ പരിഗണനയിലാണെന്ന് ദേവസ്വം ബോർഡിന്റെ അഭിഭാഷകൻ അറിയിച്ചു.