photo
അയ്യമ്പിള്ളി ഗവ. ആശുപത്രി കവാടം

കെ.കെ. രത്‌നൻ
വൈപ്പിൻ: പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട് ഗ്രാമപഞ്ചായത്തുകളിലേയും പരിസര പ്രദേശങ്ങളിലേയും ജനങ്ങൾ ചികിത്സ തേടിയിരുന്ന ആതുരാലയമായിരുന്ന അയ്യമ്പിള്ളി സർക്കാർ ആശുപത്രിയുടെ ദുരിത കാലത്തിന് അറുതിയാകുന്നില്ല. കിടത്തി ചികിത്സ, പ്രസവം, പോസ്റ്റ്‌മോർട്ടം തുടങ്ങി ഒരു സർക്കാർ ആശുപത്രിയുടെ എല്ലാ സൗകര്യങ്ങളും ഒരിക്കൽ ഇവിടെ ലഭ്യമായിരുന്നു. അക്കാലങ്ങളിൽ വേണ്ടത്ര കെട്ടിട സൗകര്യമില്ലായ്മ മാത്രമായിരുന്നു ആശുപത്രിയുടെ ഒരു കുറവായി നാട്ടുകാരും രോഗികളും കണ്ടിരുന്നത്.
കാലം മാറിയതോടെ പല ഫണ്ടുകൾ വഴി പുതിയ കെട്ടിടങ്ങൾ ആശുപത്രിയിൽ ഉണ്ടായി. ഈ പുതിയ സൗകര്യങ്ങൾ ഉപയോഗിച്ചു തുടങ്ങി ആശുപത്രി തലയെടുപ്പോടെ നില്ക്കാൻ തുടങ്ങിയപ്പോഴാണ് കേന്ദ്രസർക്കാരിന്റെ പുതിയ ആരോഗ്യപരിപാലനചട്ടം വന്നത്. താലൂക്ക് ആശുപത്രി , ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ മാത്രമായി കിടത്തി ചികിത്സ പരിമിതപ്പെടുത്തിയാണ് ഈ പുതിയ രീതി നടപ്പിലായത്.
ഇതോടെ ആശുപത്രി ഒരു പഞ്ചായത്തിൽ ഒതുങ്ങുന്ന സാമൂഹ്യ ആരോഗ്യ കേന്ദ്രമായി തരം താഴ്ന്നു. 24 മണിക്കൂറും പ്രവർത്തിച്ചിരുന്നത് ഉച്ചവരെ മാത്രമായി. അടുത്ത കാലത്ത് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കുടുംബാരോഗ്യ കേന്ദ്രമായി അല്പം ഉയർന്ന മട്ടായിട്ടുണ്ട്. എന്നാൽ അതിനായുള്ള സൗകര്യങ്ങൾ പോലും മെച്ചപ്പെടുത്താനായിട്ടില്ല.
രാവിലെ സമയങ്ങളിൽ രണ്ട് ഡോക്ടർമാരിൽ ഒരാൾ മറ്റ് ഡ്യൂട്ടിയിലോ അവധിയിലോ ആയാൽ പകരം മറ്റൊരു ഡോക്ടറെ നിയോഗിക്കാനാവുന്നില്ല. ഉച്ചയ്ക്ക് ശേഷമുള്ള ഡോക്ടറുടെ സേവനം 4 മണി വരെ മാത്രമേയുള്ളൂ. മുൻകാലങ്ങളിലെപ്പോലെ കിടത്തി ചികിത്സ, പ്രസവം , പോസ്റ്റ്‌മോർട്ടം എന്നീ സൗകര്യങ്ങൾ ലഭ്യമാകത്തക്ക വിധത്തിൽ ഈ ആതുരാലയത്തെ താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണം. ഇതിനായി ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനം നല്കിയിട്ടുണ്ട്.
കെ. ചന്ദ്രശേഖരൻ
പ്രസിഡന്റ്

റസിഡന്റ്സ് അസോസിയേഷൻ

അപ്പെക്‌സ് കൗൺസിൽ