കാലടി: മാണിക്യമംഗലം സായി ശങ്കര ശാന്തി കേന്ദ്രം പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് 3ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും. കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പള്ളി അദ്ധ്യക്ഷനാകും. കേരളകൗമുദി കൊച്ചി - തൃശൂർ യൂണിറ്റ് ചീഫ് പ്രഭു വാര്യർ മുഖ്യപ്രഭാഷണം നടത്തും. ആലുവ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എ. ചാക്കോച്ചൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, ജില്ലാ പഞ്ചായത്ത് മെംബർ ശാരദ മോഹൻ, കാലടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക ബാലകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷിജി വർഗീസ്, ഷീജ സെബാസ്റ്റ്യൻ, സ്മിതാ ബിജു, ശാന്ത ബിനു തുടങ്ങിയവർ പങ്കെടുക്കും.

ഉദ്ഘാടന വേദിയിലേക്ക് മാണിക്യമംഗലം സെന്റ് ക്ലെയർ സ്കൂൾ കുട്ടികളുടെ ബാൻഡ് വാദ്യത്തോടെ മന്ത്രിയെ ആനയിക്കും. സമ്മേളനത്തിനുശേഷം കാർത്യായനി ഓർക്കസ്ട്രയുടെ ഗാന സന്ധ്യയും ഉണ്ടായിരിക്കും.

24 വർഷമായി സായി ശങ്കര ശാന്തി കേന്ദ്രം മാണിക്യമംഗലത്ത് പ്രവർത്തിച്ചു വരുന്നു. വയോജനങ്ങളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പി.എൻ. ശ്രീനിവാസൻ ഡയറക്ടറായി സ്ഥാപനം പ്രവർത്തിക്കുന്നത്.