edavanakad

കൊച്ചി: എടവനക്കാടിന്റെ ഗ്രാമീണതയും അമേരിക്കയുടെ നാഗരികതയും തമ്മിലൊരു അടിപൊളി അന്യോന്യത്തിന് വേദിയായി എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്‌കൂൾ. വൈവിദ്ധ്യസംസ്‌കാരങ്ങൾ വിദ്യാർത്ഥികളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച സാംസ്‌കാരിക വിനിമയത്തിനാണ് സ്കൂൾ വേദിയായത്.

യു.എസ് പൗരത്വമുള്ള മലയാളി സജിത്ത്, ഭാര്യ അമേരിക്കൻ സ്വദേശി വെൻഡി, മക്കളായ ജോനാ, സാറ, നെയ്തൻ എന്നിവരാണ് എടവനക്കാട് ഹൈസ്‌കൂൾ വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തിയത്. 5 മുതൽ 9 വരെ ക്ലാസുകളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുമായി അതിഥികൾ അമേരിക്കയുടേയും ഇന്ത്യയുടേയും സാംസ്‌കാരിക വൈവിദ്ധ്യങ്ങൾ വിശകലനം ചെയ്തു. അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിദേശ അതിഥികളെ സ്വീകരിച്ചപ്പോൾ വിദ്യാർത്ഥികൾ ഇംഗ്ലീഷ്, മലയാളം ഗാനങ്ങൾ ആലപിച്ചു. ഇന്ത്യയിലെ ജനങ്ങളുടെ ആതിഥ്യമര്യാദയെക്കുറിച്ച് വാനോളം പുകഴ്ത്തിയ വെൻഡിയോട് ഈ രാജ്യം ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് ഏതു വിഷയത്തിലാണെന്ന വിദ്യാർത്ഥികളുടെ ചോദ്യത്തിന് മാലിന്യസംസ്‌കരണം എന്നായിരുന്നു മറുപടി.

പസിലുകളിൽ താത്പര്യമുള്ള അമേരിക്കക്കാരൻ നെയ്താൻ 20 സെക്കൻഡ് കൊണ്ട് റൂബിക്‌സ് ക്യൂബ് സോൾവ് ചെയ്ത് വിദ്യാർത്ഥികളെ ഞെട്ടിച്ചപ്പോൾ വിവിധ റിയാലിറ്റി ഷോകളിൽ വിജയിയായ എടവനക്കാടിന്റെ പത്താം ക്ലാസുകാരൻ പി.എസ്. അശ്വിന്റെ സെമി ക്ലാസിക്കൽ ഗാനമാലപിച്ച് സന്ദർശകരെ വിസ്മയിപ്പിച്ചു. കൂടാതെ കോൽക്കളിയും ബാൻഡ് മ്യൂസിക്കും എടവനക്കാട്ടെ കുട്ടികളും അവതരിപ്പിച്ചു. വിവിധവിഭാഗം കേഡറ്റുകളായ അഭിജ്ഞ റൂഹി ബ്രൂക്ക്, അനഘ സന്ദീപ്, ഹെഡ്മിസ്ട്രസ് സി. രത്‌നകല, എസ്.പി.സി ട്രെയിനർ ഇ.എം. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.