corp

കൊച്ചി: സ്മാർട്ട് യന്ത്രങ്ങളുമായി കൊച്ചി കോർപ്പറേഷൻ പണിതുടങ്ങി. നഗരത്തിലെ മാലിന്യസംസ്‌കരണ രംഗത്തടക്കം മാറ്റം വരുത്തുകയെന്ന ലക്ഷ്യത്തോടെ സി.എസ്.എം.എൽ കൈമാറിയ യന്ത്രങ്ങളുടെ പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞ ദിവസം വീഡ് ഹാർവസ്റ്ററിന്റെ പ്രവർത്തനം മേയർ അടക്കമുള്ള സംഘം കണ്ടുമനസിലാക്കി. കനാലുകളിൽ അടിഞ്ഞുകൂടുന്ന മാലിന്യവും പായലും എളുപ്പത്തിൽ മാറ്റാൻ കഴിയുന്ന മെഷീനാണിത്. പേരണ്ടൂർ വടുതല കനാൽ ചെന്ന് അവസാനിക്കുന്ന സ്ഥലം മുതൽ പൊറ്റക്കുഴി ഭാഗം വരെ ആദ്യഘട്ടത്തിൽ പായൽ നീക്കാൻ മേയർ നിർദ്ദേശം നൽകി. തോടുകളിൽ ഏറ്റവും കൂടുതൽ നേരിടുന്ന പ്രശ്‌നത്തിന് മെഷീനിന്റെ വരവോടെ പരിഹാരം കാണാനാകും.

പായൽ, കുഴി, മാലിന്യം എന്നിവയ്ക്ക് പരിഹാരം

1. വീഡ് ഹാർവസ്റ്റർ

4.82 കോടി രൂപയാണ് വില. ജലാശയങ്ങളെ സംരക്ഷിക്കും. ജലജീവികളെ ഉപദ്രവിക്കാത്ത തരത്തിൽ മെഷീൻ പ്രവർത്തിപ്പിക്കും. വെള്ളത്തിൽ നിന്ന് പായൽ മാറ്റിയശേഷം കരയിലേക്ക് ഓടിച്ചു കയറ്റാനും മെഷീന് സാധിക്കും. കായലിലെ പോളകൾ നീക്കം ചെയ്യൽ എളുപ്പമാകും. എത്ര തടസമുള്ള പായലുകളും നീക്കം ചെയ്യും. അവ വീണ്ടും വെള്ളത്തിലേക്ക് എത്താൻ സാധിക്കാത്ത തരത്തിൽ കരയിലേക്ക് മാറ്റും. ഇതിലൂടെ നീരൊഴുക്ക് സുഗമമാക്കാനും നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണാനും സാധിക്കും. അഞ്ചുവർഷത്തെ മെയിന്റനൻസ്, യന്ത്രം പ്രവ‌ർത്തിപ്പിക്കാനുള്ള തൊഴിലാളികൾ എന്നിവയടക്കമാണ് മെഷീൻ കമ്പനി കൈമാറിയിരിക്കുന്നത്. ഇതിനായി 9.10 ലക്ഷം രൂപ വകയിരുത്തി.

2. പോട് ഹോൾ മെഷീൻ

നഗരത്തിലെ റോഡുകളുടെ അറ്റകുറ്രപ്പണി വേഗത്തിലാക്കുന്നതിനും സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായുള്ള പോട് ഹോൾ മെഷീന്റെയും പ്രവർത്തന പരീക്ഷണം ഉടൻ നടത്തും. കുഴികൾ അടക്കാൻ ഇത് ഉപയോഗിക്കാനാകും. ഗതാഗതക്കുരുക്ക് ഉണ്ടാക്കാത്ത രീതിയിലായിരിക്കും മെഷീനിന്റെ പ്രവർത്തനം. 1.76കോടിരൂപയാണ് വില. ഓപ്പറേറ്റിംഗിനും മെയിന്റനൻസിനുമായി 6.16കോടിയാണ് വകയിരുത്തിയിരിക്കുന്നത്.

3. കോംപാക്ട് മെഷീൻ

കൊച്ചിയിലെ മാലിന്യ നീക്കത്തിന് 15 കോംപാക്ട് മെഷീനുകളാണ് എത്തിച്ചിരിക്കുന്നത്. ഒരെണ്ണത്തിന് 8.67 കോടി രൂപയാണ് വില. 5 വർഷത്തെ ഓപ്പറേറ്റിംഗ് ആൻഡ് മെയിന്റനൻസ് ചുമതലയോടുകൂടിയാണ് ഇവ കൈമാറുന്നത്. 27.82 കോടി രൂപയാണ് ഫണ്ട് നീക്കി വച്ചിരിക്കുന്നത്.

വീഡ് ഹാർവസ്റ്റ് നഗരത്തിലെ പോള, പായൽ നീക്കത്തിന് വളരെ സഹായകമാണ്. പായൽ ഒഴിവാക്കി കനാലിലെ തടസങ്ങൾ മാറ്റാനാകും എന്നുതന്നെയാണ് മെഷീന്റെ പ്രവർത്തനം കാണുമ്പോൾ ലഭിക്കുന്ന ആത്മവിശ്വാസം.

എം. അനിൽകുമാർ

മേയർ