 
പിറവം: കോടികൾ മുടക്കി പണിതീർത്ത പിറവം നഗരസഭയുടെ കീഴിലുള്ള പൊതുമാർക്കറ്റിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് യു.ഡി.എഫ് കൗൺസിലർമാർ. അറ്റകുറ്റപ്പണികൾ നടത്താത്തത് മൂലം മുറികളുടെ ഷട്ടറുകളെല്ലാം തുരുമ്പുപിടിച്ച് നശിച്ച അവസ്ഥയിലാണ്. കച്ചവടക്കാരെല്ലാം കടമുറികൾ ഒഴിഞ്ഞു പോകുകയാണ്. നഗരസഭയുടെ വരുമാനത്തിൽ ഗണ്യമായ കുറവുണ്ടായി. ലക്ഷങ്ങൾ മുടക്കി പണിതീർത്ത ബയോഗ്യാസ് പ്ലാന്റ് ഉപയോഗ ശൂന്യമായിരിക്കുന്നു. മാർക്കറ്റിന്റെ ശോച്യാവസ്ഥ മൂലം മത്സ്യത്തൊഴിലാളികളും ദുരിതത്തിലാണ്. മാർക്കറ്റിന്റെ ഈ അവസ്ഥ പരിഹരിക്കുന്നതിന് നഗരസഭയുടെ ഭാഗത്ത് നിന്ന് അടിയന്തിര നടപടികൾ ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരവുമായി മുന്നോട്ട് വരുമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് തോമസ് മല്ലിപ്പുറം, യു.ഡി.എഫ്. ജില്ലാ സെക്രട്ടറി രാജു പാണാലിക്കൽ, കൗൺസിലർമാരായ വത്സല വർഗീസ്, അന്നമ്മ ഡോമി, പ്രശാന്ത് മമ്പുറത്ത്, ആർ. പ്രശാന്ത്, രമവിജയൻ, മോളി ബെന്നി, ബബിത ശ്രീജി എന്നിവർ പറഞ്ഞു.