lissie

കൊച്ചി: രാജ്യത്ത് ആദ്യമായി ജെറ്റ്‌സ്ട്രീം അതിരക്റ്റമി സംവിധാനത്തിന്റെ സഹായത്തോടെ കാലിലെ രക്തക്കുഴലിന്റെ തടസം നീക്കാനുള്ള ചികിത്സ ലിസി ആശുപത്രിയിൽ നടത്തി. പക്ഷാഘാതത്തെ അതിജീവിച്ച പ്രമേഹരോഗി കൂടിയായ അറുപത്തിരണ്ടുകാരനിൽ കാലിലെ രക്തയോട്ടം പുന:സ്ഥാപിക്കാനുള്ള നൂതന ചികിത്സയാണ് വിജയകരമായത്. ഇടതുകാലിലെ അൾസർ ഭേദമാകാത്തതിനെത്തുടർന്നാണ് ആലപ്പുഴയിൽ നിന്നുള്ള വിൻസന്റ് ചികിത്സ തേടിയെത്തിയത്. ഇദ്ദേഹത്തിന്റെ വലതുകാൽ മൂന്ന് വർഷം മുമ്പ് പ്രമേഹ രോഗത്താൽ മുറിച്ചുനീക്കിയിരുന്നു. ആൻജിയോഗ്രാം പരിശോധനയിൽ കാൽമുട്ടിനു സമീപം കട്ടിയേറിയ കാൽസിഫൈഡ് ബ്ലോക്കുകൾ താഴെക്കുള്ള എല്ലാ ധമനികളും തടസപ്പെടുത്തിയതായി കണ്ടെത്തി. സ്റ്റെന്റ് ഇട്ട് പരമ്പരാഗത രീതിയിലുള്ള ചികിത്സാ പ്രായോഗികമല്ലെന്ന് ഡോക്ടർമാർ വിലയിരുത്തി. തുടർന്നാണ് കാൽസിഫൈഡ് ബ്ലോക്ക് പൊടിച്ചു കളയുന്ന ജെറ്റ്‌സ്ട്രീം അതിരക്റ്റമി പരീക്ഷിച്ചത്. കാൽസ്യം അടിഞ്ഞുണ്ടായ കട്ടിയേറിയ ബ്ലോക്കുകൾ അതിനൂതന ഉപകരണങ്ങളുടെ സഹായത്താൽ പൊടിച്ചു മാറ്റി. ഭാവിയിൽ വരാവുന്ന തടസങ്ങൾ തടയുന്നതിനായി പോസ്റ്റ് - അതിരക്റ്റമി, ഡ്രഗ് - എലൂട്ടിംഗ് ബലൂൺ ആൻജിയോപ്ലാസ്റ്റി എന്നിവ നടത്തി. ചികിത്സയ്ക്ക് ശേഷം നടത്തിയ ആൻജിയോഗ്രാം പരിശോധനയിൽ രക്തപ്രവാഹം ഏറെ മെച്ചപ്പെട്ടതായി കണ്ടു. ഡോ.ലിജേഷ് കുമാർ, ഡോ.ഗിരീഷ്, ഡോ.ജി.വി.എൻ. പ്രദീപ് എന്നിവരടങ്ങുന്ന മെഡിക്കൽ സംഘമാണ് വിജയകരമായി ചികിത്സ പൂർത്തിയാക്കിയത്. കാത്ത് ലാബ് ടെക്‌നോളജിസ്റ്റുകളായ വിൽസൺ എ. ജെ., ജിബിൻ തരിയൻ തോമസ്, ജിപിൻ, സിസ്റ്റർ ബെറ്റിയുടെ നേതൃത്വത്തിൽ നഴ്‌സിംഗ് ടീം എന്നിവർ പിന്തുണ നൽകി. ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം രോഗിയെ ഡിസ്ചാർജ് ചെയ്തു.