പറവൂർ: പുത്തൻവേലിക്കര കണക്കൻകടവിൽ മണൽ ബണ്ട് നിർമ്മിക്കാൻ 30.72 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. ചാലക്കുടിയാറിൽ നിന്നും ഉപ്പ് വെള്ളം കയറുന്നത് തടയാനാണ് കണക്കൻകടവിൽ എല്ലാ വർഷവും മണൽ ബണ്ട് നിർമ്മിക്കുന്നത്. ഇറിഗേഷൻ വകുപ്പ് മെക്കാനിക്കൽ വിഭാഗത്തിനാണ് നിർമ്മാണ ചുമതല. 24.30 ലക്ഷം മണൽബണ്ട് നിർമ്മിക്കാനും 6.42 ലക്ഷംരൂപ സിവിൽ വർക്കിനുമാണ്. മേജർ ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടിവ് എൻജിനിയർക്കാണ് സിവിൽ വിഭാഗത്തിന്റെ നിർമ്മാണ ചുമതല. എത്രയും വേഗം രണ്ട് പ്രവർത്തികളും ഒരേസമയം ആരംഭിക്കണമെന്നും വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും പ്രതിപക്ഷനേതാവ് അറിയിച്ചു.