 
* രണ്ട് ലക്ഷത്തിന് മുന്നിൽ കണ്ണ് മഞ്ഞളിക്കാതെ റോക്കി
കൊച്ചി: സ്നേഹത്തിന് മുന്നിൽ റോക്കിക്ക് പണം വെറും കടലാസുകഷ്ണങ്ങളാണ്. തന്റെ ഓട്ടോയിൽനിന്ന് കളഞ്ഞുകിട്ടിയ പണം ആളെ കണ്ടെത്തി തിരികെ നൽകിയ റോക്കി ചോറി ഇപ്പോൾ റോക് സ്റ്റാറാണ്.
ചെറിയ തുകയൊന്നുമല്ല രണ്ടരലക്ഷം രൂപയാണ് ചുള്ളിക്കൽ സ്വദേശി അബ്ദുൾ റഹ്മാൻ മുണ്ടംവേലി അത്തിപ്പൊഴി സ്വദേശിയായ റോക്കി ചോറിയുടെ ഓട്ടോയിൽ മറന്നുവച്ച് പോയത്. ബുധനാഴ്ച രാവിലെ പതിനൊന്നോടെ ഫോർട്ടുകൊച്ചി കെ.ബി. ജേക്കബ് റോഡിൽനിന്ന് കയറിയ അബ്ദുൾ റഹ്മാൻ മട്ടാഞ്ചേരി പുതിയപള്ളിക്കു മുന്നിലിറങ്ങി. ഇതിനിടെ ഷർട്ടിനിടയിൽ സൂക്ഷിച്ചിരുന്ന തുക അറിയാതെ സീറ്റിൽവീണു. ഓട്ടോ കുറേ മുന്നോട്ടുനീങ്ങിയപ്പോഴാണ് പിൻസീറ്റിൽ അഞ്ഞൂറിന്റെ നോട്ടുകൾ അടങ്ങിയ കെട്ടുകൾ റോക്കി ശ്രദ്ധിച്ചത്. ഉടമയെ കണ്ടെത്താൻ കുറെ ചുറ്റിയെങ്കിലും കണ്ടെത്താനായില്ല. പലരോടും ചോദിച്ചെങ്കിലും ആർക്കും അറിയില്ലായിരുന്നു, ഒടുവിൽ സുഹൃത്തിന്റെ നിർദ്ദേശപ്രകാരം മട്ടാഞ്ചേരി അസി. കമ്മിഷണർ ഓഫീസിലെത്തിച്ചു.
ഇതിനിടെ അബ്ദുൾ റഹ്മാൻ പണംതേടി അലച്ചിൽ തുടങ്ങിയിരുന്നു. ഭാര്യാ സഹോദരന്റെ ചികിത്സയ്ക്കായി സ്വരൂപിച്ച പണമാണ് നഷ്ടമായത്. പൊലീസിൽ വിളിച്ചപ്പോൾ പണം ലഭിച്ച വിവരം അബ്ദുൾ റഹ്മാന് ലഭിച്ചു.
തുടർന്ന് എ.സി.പി പി.ബി. കിരണിന്റെ സാന്നിദ്ധ്യത്തിൽ പണം ഉടമയ്ക്ക് കൈമാറി. നഷ്ടപ്പെട്ട പണം തിരികെ ലഭിച്ച സന്തോഷത്തിൽ ഇതിൽനിന്ന് താങ്കൾക്ക് ആവശ്യമുള്ള പണം എടുക്കാമെന്ന് അബ്ദുൾ റഹ്മാൻ റോക്കിയോട് പറഞ്ഞു. 'എനിക്ക് പണം വേണം... എന്നാൽ ഈ പണമല്ല.. നിങ്ങളെ അന്വേഷിച്ച് നടന്നതിന് 81 രൂപ മീറ്റർചാർജ് ആയിട്ടുണ്ട് അത് തരണം". പണമല്ല വിശ്വാസമാണ് വലുത്. നിങ്ങൾ ഈ പണം സ്വരൂപിച്ചത് എന്തിനാണെന്ന് എനിക്ക് മനസിലായി. മനസാക്ഷിക്ക് നിരക്കാത്ത പണം എനിക്ക് ആവശ്യമില്ല. അദ്ധ്വാനിച്ച് ഉണ്ടാക്കുന്ന പണമേ നിലനിൽക്കൂ എന്ന് പറഞ്ഞ റോക്കി മീറ്റർ ചാർജുമാത്രം വാങ്ങി ഓട്ടോയുമെടുത്ത് യാത്രക്കാരെ തേടിയിറങ്ങി. മത്സ്യത്തൊഴിലാളി കൂടിയായ റോക്കി മാരത്തൺ താരംകൂടിയാണ്. 14, 21 കിലോമീറ്റർ ചെരിപ്പില്ലാതെയാണ് റോക്കി ഓടുന്നത്.