 
മൂവാറ്റുപുഴ: വർഷങ്ങളായി വളക്കുഴി ഡംബിംഗ് യാഡിനെതിരെ പ്രദേശവാസികളുടെ നേതൃത്വത്തിലുള്ള സമരസമിതി നടത്തുന്ന സമരം രണ്ടാം ഘട്ടത്തിലേക്ക്. രണ്ടാംഘട്ട സമരത്തി ന്റെ തുടക്കമായി നാളെ മുനിസിപ്പൽ ഓഫീസിന് മുന്നിലേക്ക് മാർച്ചും ധർണയും നടത്തും. തുടർസമരത്തിന്റെ ഭാഗമായി പിന്നീട് മലിനീകരണ നിയന്ത്രണ ബോർഡിന്റെ ജില്ലാ ഓഫീസിലേക്കും മാർച്ച് സംഘടിപ്പിക്കും. ഡംബിംഗ് യാഡ് പരിസരത്ത് നിന്നാണ് നാളെ മാർച്ച് ആരംഭിക്കുക. ജില്ലാ കളക്ടറെ നേരിൽ കണ്ട് പരാതി ബോധിപ്പിക്കാനായി അടുത്ത ഘട്ടത്തിൽ ജില്ലാ കളക്ടറേറ്റിലേക്ക് മാർച്ച് നടത്താനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്. നവംബർ 14 ശിശുദിനത്തിൽ മുനിപ്പൽ ഓഫീസിന് മുന്നിൽ കൂട്ട ഉപവാസം നടത്തും. ഡംബിംഗ് യാർഡിൽ അനിശ്ചിത കാല ഉപരോധ സമരം ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്. ഇതോടൊപ്പം നഗരസഭ ഓഫീസും ഉപരോധിക്കും. പ്രദേശവാസികളായ 50 ഓളം വീട്ടുകാർ വർഷങ്ങളായി നടത്തിയ വിവിധ തരത്തിലുള്ള സമരങ്ങളെ ഇതുവരെ ഭരണാധികാരികളും ഉദ്യോഗസ്ഥരും പൊതു സമൂഹവും ഗൗരവത്തോടെ കാണുന്നില്ലെന്നാണ് ആക്ഷേപം. സമാധാനമായി ജീവിക്കാവുന്ന സ്ഥിതിയിലെത്തുംവരെ വളക്കുഴിയിലെ ജനങ്ങൾ സമരരംഗത്ത് ഉണ്ടാകുമെന്ന് സമരസമിതി വ്യക്തമാക്കി.
ചെറുതല്ല പ്രത്യാഘാതം, ഒരു നദിയാകെ മലിനമാകുന്നു
5.5 ഏക്കറോളം വരുന്ന സ്ഥലത്ത് മലപോലെ കിടക്കുന്ന മാലിന്യ കൂമ്പാരത്തിൽ നിന്ന് അഴുകിയ മാലിന്യവും മലിനജലവും തോട്ടിലൂടെ ഒഴുകിയെത്തുന്നത് മൂവാറ്റുപുഴയാറിൽ
കടാതി മുതൽ താഴോട്ട് മാറാടി, വാളകം, പാമ്പാകുട, രാമമംഗലം, ഏഴക്കരനാട്, എടയ്ക്കാട്ടുവയൽ, തുടങ്ങിയ പഞ്ചായത്തുകളിലും പിറവം മുനിസിപ്പാലിറ്റിയിലും കുടിവെള്ളമായി എത്തുന്നത് ഈ മലിനജലം.
ജപ്പാൻ കുടിവെള്ള പദ്ധതിയിലൂടെ കളമ്പൂരിൽ നിന്ന് പമ്പ് ചെയ്ത് ചേർത്തലയിൽ എത്തിച്ച് ആലപ്പുഴ ജില്ലയുടെ വിവിധ സ്ഥലങ്ങളിലും വിതരണം ചെയ്യുന്നത് ഈ ജലം തന്നെ.
കഴിഞ്ഞ കുറേ വർഷങ്ങളായി ഊരമനയിൽ തുടർച്ചയായി ഹെപ്പറ്റൈറ്റിസ് ബി റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ ഉറവിടവും മലിന ജല ഉപയോഗമെന്ന് വിദഗ്ദ്ധർ.
സർക്കാരിന്റെ വിവിധ വകുപ്പുകൾ ഡംബിംഗ് യാഡും പരിസരവും സന്ദർശിച്ച് നിജസ്ഥിതി മനസിലാക്കി പ്രദേശവാസികളുടെ ജീവിത ദുരിതം നേരിട്ട് മനസിലാക്കി ആവശ്യമായ നടപടി സ്വീകരിക്കാൻ തയ്യാറാകണം.
കെ.കെ. കുട്ടപ്പൻ
കൺവീനർ
സമരസമിതി