കൊച്ചി: ചങ്ങനാശ്ശേരി പുത്തൂർ മുസ്ലീംപള്ളിയിൽ ഒസ്സാൻ, മുഅദ്ദിൻ, ലബ്ബ എന്നീ വിഭാഗങ്ങൾക്ക് നിഷേധിക്കപ്പെട്ട മെമ്പർഷിപ്പ് അവകാശം നൽകുന്നതിന് കേരള സ്റ്റേറ്റ് വഖഫ് ബോർഡ് നടത്തിയ മദ്ധ്യസ്ഥ ശ്രമത്തിൽ തീരുമാനമായി. ഇവ‌ർക്ക് വോട്ടവകാശം നൽകാനും ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ കൂടി പങ്കെടുത്ത യോഗത്തിൽ ധാരണയായി. നിയമാവലി അനുസരിച്ച് മൂന്നു മാസത്തിനകം തിരഞ്ഞെടുപ്പ് പൂർത്തീകരിക്കുന്നതിന് അഡ്വ. പി.എ.അബ്ദുൽ ജബ്ബാറിനെ ചുമതലപ്പെടുത്തി. വർഷങ്ങളായി വ്യവഹാരത്തിൽപ്പെട്ട മനുഷ്യാവകാശ ലംഘന പ്രശ്നത്തിനാണ് പരിഹാരമായതെന്ന് വഖഫ് ബോർഡ് അറിയിച്ചു. യോഗത്തിൽ ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ അഡ്വ. എം.ഷറഫുദ്ദീൻ, എം. സി.മായിൻഹാജി, അഡ്വ. പി.വി.സൈനുദ്ദീൻ, പ്രൊഫ. കെ.എം.എ.റഹീം, റസിയ ഇബ്രാഹിം, വി.എം.രഹ്‌ന എന്നിവർ പങ്കെടുത്തു.