
കൊച്ചി: പഴഞ്ചൻ ക്രൂഡ് ഓയിൽ പൈപ്പ് ലൈനുകൾക്ക് പകരം ബി.പി.സി.എൽ കൊച്ചിൻ റിഫൈനറിയിലേക്ക് 621 കോടി രൂപ മുടക്കിൽ ആധുനിക സാങ്കേതിക വിദ്യയിൽ രണ്ട് പുത്തൻ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന പദ്ധതി അതിവേഗം പുരോഗമിക്കുന്നു. 
എറണാകുളം രാജേന്ദ്ര മൈതാനിക്ക് സമീപത്തുള്ള ഓയിൽ ടാങ്കർ ബെർത്ത് മുതൽ റിഫൈനറി വരെ 10.5 കിലോമീറ്റർ ദൂരത്തിലും റിഫൈനറിക്കുള്ളിൽ ആറ് കിലോമീറ്ററുമാണ് ഈ പൈപ്പ് ലൈനുകൾ. 10 ഇഞ്ചിന്റെയും 20 ഇഞ്ചിന്റെയും കൂടിയ കനത്തിലുള്ള കാർബൺ സ്റ്റീൽ പൈപ്പുകളാണിവ.
റിമോട്ട് സെൻസിംഗ് സംവിധാനമാണ് സവിശേഷത. പെട്രോളിയം ഉത്പന്നങ്ങളുടെ ഒഴുക്കിലുണ്ടാകുന്ന നേരിയ വ്യത്യാസങ്ങളും തടസങ്ങളും വരെ റിഫൈനറിയുടെ കൺട്രോൾ റൂമിലിരുന്ന് അറിയാനാകും. കയറ്റുമതിക്കുള്ളതും തദ്ദേശീയ ഉപയോഗത്തിനുള്ളതുമായ ഡീസലും എ.ടി.എഫും (ഏവിയേഷൻ ടർബൻ ഫ്യുവൽ) ആണ് പ്രധാനമായും കടത്തിവിടുക.
കൊച്ചിൻ റിഫൈനറിയുടെ പരിപൂർണ മേൽനോട്ടത്തിൽ നടക്കുന്ന ജോലികൾ നൂറ് മീറ്ററിനടുത്ത് ഒരു ഘട്ടം എന്ന നിലയിലാണ് പുരോഗമിക്കുന്നത്.
ഓരോ ഘട്ടത്തിലും റിഫൈനറിയുടെ എൻജിനിയർമാരുടെ നേതൃത്വത്തിലുള്ള ജോലിക്കാരുടെ വലിയ സംഘം പ്രവർത്തിക്കുന്നുണ്ട്. എസ്.ആർ.വി സ്കൂളിന് സമീപത്തുകൂടെ സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരം പിന്നിട്ട് എറണാകുളം കെ.എസ്.ആർ.ടി.സി പരിസരത്തുള്ള കൊച്ചിൻ റിഫൈനറിയുടെ കൊറിഡോറിനു സമീപമാണ് പുതിയ പൈപ്പ് ലൈനുകളെത്തുക. ഈ കൊറിഡോറിനു സമാന്തരമായാകും പുതിയ പൈപ്പ് ലൈനുകൾ കടന്നു പോകുക.
621 കോടിയുടെ വൻ പദ്ധതി
ആർ.ഇ.ജി.പി പദ്ധതി എന്ന് പേരിലുള്ള പൈപ്പിടൽ പദ്ധതിയിൽ രണ്ട് പൈപ്പ് ലൈനുകൾക്കൊപ്പം രണ്ട് വലിയ പുത്തൻ ടാങ്കുകൾ, അതീവ പ്രാധാന്യമുള്ള മോട്ടോർ സംവിധാനം, ഇലക്ട്രിക്കൽ സംവിധാനങ്ങൾ, പൈപ്പ് ലൈനുകൾക്കുള്ളിലെ നൂതന സാങ്കേതിക സംവിധാനങ്ങൾ, പ്ലഗ് ഏരിയ, ഇൻസ്ട്രുമെന്റേഷൻ എന്നിവയ്ക്കെല്ലാമായാണ് 621 കോടി രൂപ മുതൽ മുടക്ക്. രാജ്യത്തെ തന്നെ ഏറ്റവും കൂടിയ സുരക്ഷയിൽ സ്ഥാപിക്കുന്ന വലിയ പൈപ്പ് ലൈനുകളാകുമിതെന്ന് റിഫൈനറി അധികൃതർ വ്യക്തമാക്കുന്നു.
സംവിധാനങ്ങൾ
10, 20 ഇഞ്ച് പൈപ്പ് ലൈനുകൾ
ടാങ്കുകൾ-- 2
മോട്ടോർ സംവിധാനം
ദൂരം--10.5 കിലോമീറ്റർ
റിഫൈനറിക്കുള്ളിൽ -- 6 കിലോമീറ്റർ