
കൊച്ചി: കൊലപാതക കേസിലെ പ്രതിയായ അസാം സ്വദേശിയെ അഞ്ച് വർഷത്തിനു ശേഷം പിടികൂടി മട്ടാഞ്ചേരി പൊലീസ്. 2019ൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ നിർമ്മൽ ഗോഗോയ് (30)ആണ് അറസ്റ്റിലായത്. മത്സ്യബന്ധന തൊഴിലാളിയായ ആസാം സ്വദേശിയെ അഞ്ച് പേർ ചേർന്ന് കൊലപ്പെടുത്തി മട്ടാഞ്ചേരി മരക്കടവ് ഫിഷിഗ് ബോട്ട് ജെട്ടിക്ക് സമീപം കായലിൽ തള്ളിയെന്നാണ് കേസ്.
അസാം സ്വദേശികളായ നാല് പേരെ മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നാലാം പ്രതിയായ നിർമ്മൽ അസാമിലേക്ക് കടക്കുകയായിരുന്നു.
മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ കിരൺ പി.ബി, മട്ടാഞ്ചേരി ഇൻസ്‌പെക്ടർ ഷിബിൻ എന്നിവരുടെ നിർദ്ദേശാനുസരണം പൊലീസ് സംഘം അസാം ദിബ്രുഗഡ് ജില്ലയിലെ അതിർത്തി പ്രദേശമായ അസോമിയ ഗാവിൽ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.