കൊച്ചി: മാതാപിതാക്കൾ മകനെതിരെ നൽകിയ പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റു. എസ്.ഐ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ച എറണാകുളം ചെലവന്നൂർ റോഡ് വള്ളുവശേരി വീട്ടിൽ സന്ദീപ് (32) അറസ്റ്റിലായി.
പൊലീസ് പറയുന്നതിങ്ങനെ: മകൻ സന്ദീപ് തങ്ങളെ മർദ്ദിക്കുന്നുവെന്നും വഴക്കുണ്ടാക്കുന്നുവെന്നും ജോർജ്- ഷൈലജ ദമ്പതികൾ വ്യാഴാഴ്ച ഉച്ചയോടെ പരാതി നൽകി. ഇന്നലെ രാവിലെ 10നും തങ്ങളെ മർദ്ദിച്ചതായി പരാതിയിൽ പറഞ്ഞിരുന്നു. അന്വേഷിക്കാൻ എസ്.ഐ ശരത് ചന്ദ്രബോസും സി.പി.ഒമാരായ സുധീഷ്, ശ്രീഹരി എന്നിവരും വീട്ടിലെത്തി.
ഈ സമയം സന്ദീപും ഭാര്യയും ഭാര്യാസഹോദരിയും ഭാര്യാ മാതാവും ചേർന്ന് പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ചു. പരിക്കേറ്റ എസ്.ഐയും സി.പി.ഒ സുധീഷും എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. അറസ്റ്റിലായ പ്രതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. ഇയാൾ ലഹരിക്കടിമയാണോ എന്ന് അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.