ngo

കൊച്ചി: 'നിവേദനം നൽകിയും ചോദിച്ചും മടുത്തു. ഓണത്തിന് പോലും പട്ടിണിയായിരുന്നു. ഇനി പ്രത്യക്ഷ സമരം മാത്രമാണ് വഴി’. വേതന കു‌ടിശികയും ഉത്സവബത്തയും സർക്കാർ മുടക്കിയതോടെ ദുരിതത്തിലായ റേഷൻ വ്യാപാരിയുടെ വാക്കുകളാണിത്.

ഉടൻ തുക ലഭിച്ചില്ലെങ്കിൽ കടയടച്ച് സമരം നടത്താനാണ് തീരുമാനം. നവംബർ ആദ്യവാരം കടയടച്ച് പ്രതിഷേധിക്കും. ആദ്യം സൂചന പണിമുടക്കും പിന്നീട് അനിശ്ചിതകലാ പണിമുടക്കും നടത്തും.

ആഗസ്റ്റ് മുതലുള്ള വേതനവും ഓണത്തിന്റെ ഉത്സവബത്തയുമാണ് വ്യാപാരികൾക്ക് മുടങ്ങിയത്. പലതവണ ഓഫീസ് കയറിയിറങ്ങിയതോടെ ആഗസ്റ്റിലെ വേതനം കഴിഞ്ഞയാഴ്ച ലഭിച്ചു. ഇപ്പോൾ സെപ്തംബർ മാസത്തിലെ വേതനവും ഉത്സവബത്തയുമാണ് ലഭിക്കാനുള്ളത്.

 ഉത്സവബത്ത

ഓണത്തിനോടനുബന്ധിച്ച് കിട്ടേണ്ടതാണ് ഉത്സവബത്ത. 1000 രൂപയാണ് ഈയിനത്തിൽ ലഭിക്കുന്നത്. തുലാമാസമായിട്ടും തുക കിട്ടിയിട്ടില്ല. മുൻവർഷങ്ങളിൽ ഓണത്തിന് രണ്ടുദിവസം മുമ്പെങ്കിലും ഉത്സവബത്ത ലഭിച്ചിരുന്നു. ഭക്ഷ്യവകുപ്പ് ഫയലുകൾ ധനകാര്യ വകുപ്പിന് കൈമാറിയിട്ട് മാസങ്ങളായിട്ടും ഇതുവരെ തീർപ്പാക്കിയിട്ടില്ല. കഴിഞ്ഞ നവംബർ മുതലാണ് വേതനം പതിവായി വൈകുന്നത്. മുമ്പ് അഞ്ചാം തീയതിക്കുള്ളിൽ കമ്മിഷൻ തുക നൽകിയിരുന്നു.

 വേതന വ‌ർദ്ധനവ് വേണം

വേതനം വ‌ർദ്ധിപ്പിക്കുന്നതിനായി പഠനം നടത്തുമെന്ന് വാഗ്ദാനം ചെയ്തതല്ലാതെ ധനകാര്യ വകുപ്പ് യാതൊരു നടപടിയുമെടുത്തിട്ടില്ല. ഒരു വ്യാപാരി കുറഞ്ഞത് 45 ക്വിന്റൽ ധാന്യം വിൽക്കണമെന്നാണ് വ്യവസ്ഥ. 45 ക്വിന്റൽ വിറ്റാൽ 18,000 രൂപ ലഭിക്കും. പിന്നീടുള്ള ഓരോ ക്വിന്റലിലും 180 രൂപ വീതംകൂടും. അരിവിഹിതം ഇത്തവണ വെട്ടിക്കുറച്ചതിനാൽ 45 ക്വിന്റൽ എന്ന കണക്കിലേക്ക് എത്താനാവില്ല. ഇതിൽ നിന്ന് വേണം തൊഴിലാളിക്കുള്ള കൂലി, വൈദ്യുതി ചാർജ്, കെട്ടിടവാടക, വ്യാപാരികളുടെ കുടുംബച്ചെലവടക്കം ചെയ്യേണ്ടത്. അതിനാൽ വേതനം 30000 ആക്കണമെന്നും തൊഴിലാളിക്ക് മാന്യമായ കൂലി നൽകണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം.

കമ്മിഷൻ കുടിശിക

സംസ്ഥാനത്ത് 28 കോടി രൂപയാണ് കമ്മിഷൻ തുക. ഒരു വ്യാപാരിക്ക് ഏകദേശം 12,000 മുതൽ 50,000 രൂപ വരെ കമ്മിഷൻ ലഭിക്കാനുണ്ട്. തീരമേഖലകളിൽ ബി.പി.എൽ കാർഡുകളേറെയായതിനാൽ അവിടെയുള്ള വ്യാപാരികൾക്കാണ് കൂടുതൽ ബാദ്ധ്യത. ഭക്ഷ്യവസ്തുക്കൾ എടുത്തതിന്റെ പണം നല്കാത്തതിനാൽ പല താലൂക്ക് സപ്ലൈ ഓഫീസുകളിൽ നിന്നും അന്വേഷണം വന്നു തുടങ്ങി. തുക അടച്ചില്ലെങ്കിൽ കട സസ്‌പെൻഡ് ചെയ്യുമെന്ന മുന്നറിയിപ്പ് ലഭിച്ചവരുമുണ്ട്.

വേതന തുക 28 കോടി

ഉത്സവ ബത്ത- 1000 രൂപ

ആകെ റേഷൻ വ്യാപാരികൾ 14167

വേതനം മുടങ്ങുന്നത് പതിവായതോടെ വ്യാപാരികൾ ബുദ്ധിമുട്ടിലാണ്. പരിഹാരം കണ്ടില്ലെങ്കിൽ വലിയ പ്രതിഷേധം സംഘടിപ്പിക്കും.

എൻ. ഷിജീർ

സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി

കേരള സ്റ്റേറ്റ് റീട്ടെയി​ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ