
കൊച്ചി: തൃശൂർ പൂരം സുഗമമായി നടത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ആത്മാർത്ഥശ്രമമാണ് പൊലീസ് നടത്തിയതെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. എങ്കിലും, പൊലീസ് നടപടികളിൽ പരാതികൾ ഉയർന്നുവെന്നും ഇതേക്കുറിച്ച് ഉന്നത പൊലീസ് ഓഫീസർമാരുടെ നേതൃത്വത്തിൽ ത്രിതലഅന്വേഷണം നടക്കുകയാണെന്നും ബോധിപ്പിച്ചു.
ജില്ലാ പൊലീസ് മേധാവി ഇടപെട്ട് പൂരം കലക്കിയതിൽ ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ നൽകിയ ഹർജിയിലാണ് ആഭ്യന്തരവകുപ്പ് അഡി. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ എതിർ സത്യവാങ്മൂലം സമർപ്പിച്ചത്. പൂരം അലങ്കോലമാക്കിയെന്ന ആരോപണം ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മന്ത്രിസഭ സമഗ്രമായ അന്വേഷണം നിർദ്ദേശിച്ചു. ആരോപണം എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും ഉദ്യോഗസ്ഥ വീഴ്ചകൾ ഇന്റലിജൻസ് എ.ഡി.ജി.പി മനോജ് എബ്രഹാമും അന്വേഷിക്കുകയാണ്. എ.ഡി.ജി.പി എം.ആർ. അജിത്കുമാർ തൃശൂരിലുണ്ടായിട്ടും ഇടപെട്ടില്ലെന്ന പരാതി സംസ്ഥാന പൊലീസ് മേധാവിയും അന്വേഷിക്കുന്നതായി ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത്കുമാറും ഉൾപ്പെട്ട ദേവസ്വംബെഞ്ച് മുമ്പാകെ ആഭ്യന്തര സെക്രട്ടറി അറിയിച്ചു. മറുപടി സത്യവാങ്മൂലം ഒരാഴ്ചയ്ക്കം സമർപ്പിക്കാൻ കൊച്ചിൻ, തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളോട് കോടതി നിർദ്ദേശിച്ചു.
എ.ഡി.ജി.പിയുടെ റിപ്പോർട്ട് വിളിച്ചുവരുത്തണമെന്ന് കക്ഷികൾ ആവശ്യപ്പെട്ടുവെങ്കിലും പിന്നിട് പരിഗണിക്കാമെന്നും പുനരന്വേഷണം നടക്കുകയാണല്ലോയെന്നും കോടതി വാക്കാൽ പറഞ്ഞു. ഹർജികൾ രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും.
'പൊലീസ് പ്രവർത്തിച്ചത്
ഉത്തരവുകൾ പ്രകാരം'
# ഹൈക്കോടതിയുടെയും പെസോയുടേയും വനംവകുപ്പിന്റെയും നിർദ്ദേശങ്ങളനുസരിച്ചാണ് പൊലീസ് പ്രവർത്തിച്ചതെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
#12000 കിലോ സ്ഫോടകവസ്തു എത്തിച്ചിരുന്നു. 90 ആനകളുണ്ടായിരുന്നു. കുടമാറ്റത്തിന് രണ്ടുലക്ഷംപേരും വെടിക്കെട്ടിന് ഒരുലക്ഷം പേരുമാണ് തടിച്ചുകൂടിയത്. ദൂരപരിധി പാലിക്കാനും ജനങ്ങളെ നിയന്ത്രിക്കാനും ആനകളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ജില്ലാ പൊലീസ് മേധാവി ശ്രമിച്ചത്. 7000 പൊലീസുകാർ വേണ്ടിടത്ത് 3500 പേരാണ് ലഭ്യമായത്.
# മഠത്തിൽവരവ് തടസപ്പെടുത്തിയെന്നും ബാരിക്കേഡുകൾ വച്ച് ജനങ്ങളെ തടഞ്ഞെന്നും പന്തലിലെ വെളിച്ചം കെടുത്തിയെന്നും ആനയ്ക്ക് തീറ്റയുമായെത്തിയ പാപ്പാന്മാരെ തടഞ്ഞെന്നും വെടിക്കെട്ട് തടസപ്പെടുത്തിയെന്നും പരാതികൾ ലഭിച്ചു. ഇക്കാര്യങ്ങളിലാണ് സമഗ്രാന്വേഷണം നടക്കുന്നതെന്നും സർക്കാർ അറിയിച്ചു.