kidappu-samaram
നിർമ്മാണം നിലച്ച പെരുവ -പെരുവംമൂഴി റോഡിൽ മിറ്റലിട്ട് കുഴിയടക്കാൻ നടത്തിയ നീക്കത്തെ തുടർന്ന് കൗൺസിലർമാർ റോഡിൽ കിടന്നു പ്രതിഷേധിക്കുന്നു

പിറവം: പെരുവ-പെരുവംമുഴി റോഡിൽ ചിറയംപാടത്തിന് സമീപം പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന കുഴികൾ മിറ്റലിട്ട് നിരത്താൻ നടത്തിയ അധികൃതരുടെ നീക്കത്തിനെതിരെ പിറവം നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിൽസ് പെരിയപ്പുറം, നഗരസഭ കൗൺസിലർമാരായ രാജു പാണാലിക്കൽ, പ്രശാന്ത് മാമ്പുറത്ത് എന്നിവർ റോഡിൽ കിടന്ന് പ്രതിഷേധിച്ചു. സമരത്തെ തുടർന്ന് ഗതാഗതം തടസപ്പെട്ടതോടെ പോലീസ് സ്ഥലത്തെത്തി മൂവരേയും അറസ്റ്റ് ചെയ്‌തുനീക്കി.

സംസ്ഥാന സർക്കാരിന്റെ റീബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി 98 കോടിയുടെ റോഡ് പുനരുദ്ധാരണ പ്രവർത്തനം ആരംഭിച്ചത് മൂന്നുവർഷം മുമ്പാണ്. ഇതിന്റെ ഭാഗമായി റോഡ് മുഴുവൻ കുത്തിപൊളിച്ച് താറുമാറാക്കിയെങ്കിലും നിർമ്മാണം നിലച്ചിരിക്കുകയാണ്. 15 വർഷം മുമ്പ് നിർമ്മിച്ച കരിങ്കൽച്ചിറ പാലവും പൊളിച്ചിട്ടിരിക്കുകയാണ്. കുപ്പികഴുത്ത് പോലെ സ്ഥിതിചെയ്യുന്ന കക്കാട്ടിലെ പടവെട്ടിപാലം പുനർനിർമ്മിക്കാനും തയ്യാറായിട്ടില്ല. റോഡ് കടന്നുപോകുന്ന മേഖലകളിലെ ജനപ്രതിനിധികളുമായി ആലോചിക്കാതെ ഉദ്യോഗസ്ഥർ തന്നിഷ്ടമായാണ് റോഡ് അലൈൻമെന്റ് പൂർത്തിയാക്കിയത്.

കരാറുകാരൻ റോഡ് നിർമ്മാണം ഉപേക്ഷിച്ച് പോകുകയും ചെയ്തു. ഇതേ തുടർന്ന് റോഡ് കുത്തിപൊളിച്ചിട്ടിരിക്കുന്ന ഭാഗം സഞ്ചാരയോഗ്യമാക്കുവാനുള്ള നടപടികൾ സ്വീകരിക്കാമെന്ന് കെ.എസ്.ടി.പി ഉദ്യോഗസ്ഥർ പിറവം നഗരസഭ അധികൃതർക്ക് ഉറപ്പ് നൽകിയതാണ്. എന്നാൽ ഇതൊന്നും നടപ്പായില്ല. റോഡിന്റെ പല ഭാഗങ്ങളിലും അപകടകരമായ കുഴികൾ നിമിത്തം നിരവധി ഇരു ചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നുണ്ട്. മുളക്കുളത്തുണ്ടായ അപകടത്തിൽ വെള്ളൂർ സ്വദേശിനിയുടെ കാലൊടിഞ്ഞിരുന്നു. ഇതിനിടെയാണ് പ്രദേശവാസികളുടെ കണ്ണിൽ പൊടിയിടാൻ കെ.എസ്.ടി.പി അധികൃതർ കുഴിയുള്ള ഭാഗങ്ങളിൽ മെറ്റൽ കൊണ്ടുവന്നിട്ടത്.