ആലുവ: സേനാബലമില്ലാതെ നട്ടം തിരിഞ്ഞ എടത്തല പൊലീസ് സ്റ്റേഷന് താത്കാലിക ആശ്വാസമായി മൂന്ന് പൊലീസുകാർ കൂടി അധികമായെത്തും. ഒന്നിടവിട്ട ദിവസങ്ങളിൽ പകൽ ജി.ഡി ഡ്യൂട്ടിക്ക് നെടുമ്പാശേരി, അങ്കമാലി, ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനുകളിൽ നിന്നായി ഓരോരുത്തരെത്തും. വർക്ക് അറേഞ്ച്മെന്റിന്റെ ഭാഗമായി ഹൈവേ പട്രോളിംഗിലായിരുന്ന ഉദ്യോഗസ്ഥനെയും സ്റ്റേഷനിലേക്ക് തിരിച്ചു വിളിച്ചു. കൂടാതെ ഡി.സി.പി എച്ച്.ക്യൂവിൽ നിന്നും സ്റ്റേഷനിലേക്ക് പുതിയതായി ഒരാളെ കൂടി നിയമിച്ചും ഇന്നലെ ഉത്തരവിറങ്ങി.
കേരളകൗമുദിയിൽ 'കരുതൽ വേണം കാക്കിക്ക്' എന്ന പരമ്പരയുടെ ഭാഗമായി 'സേനാബലം ഇല്ലാതെ നട്ടം തിരിഞ്ഞ് എടത്തല സ്റ്റേഷൻ' എന്ന തലക്കെട്ടിൽ ഒക്ടോബർ 22ന് പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ അടിയന്തര ഇടപെടൽ ഉണ്ടായത്. കഴിഞ്ഞ മാസം ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ ഉത്തരവനുസരിച്ച് ഞാറക്കൽ, വരാപ്പുഴ സ്റ്റേഷനുകളിൽ നിന്നായി രണ്ട് പേർ കൂടി എടത്തല സ്റ്റേഷനിൽ ചാർജെടുക്കേണ്ടതുണ്ട്. ഇതുകൂടി നടപ്പായാൽ താത്കാലിക ആശ്വാസമാകുമെന്നാണ് സ്റ്റേഷൻ അധികൃതർ പറയുന്നത്.
സേനാബലമില്ലാതെ നട്ടംതിരിഞ്ഞ സ്റ്റേഷൻ
എടത്തല പൊലീസ് സ്റ്റേഷൻ രൂപീകരിച്ചത് 8 വർഷം മുമ്പ്. ഒരു സബ് ഇൻസ്‌പെക്ടർ, രണ്ട് വനിതാ എസ്.ഐ, രണ്ട് എ.എസ്.ഐ, രണ്ട് വനിതാ എ.എസ്.ഐ ഉൾപ്പെടെ 54 തസ്തികകൾ അനുവദിക്കുമെന്ന് ഉദ്ഘാടനം ചെയ്യുമ്പോൾ പ്രഖ്യാപിച്ചെങ്കിലും അനുവദിച്ചത് 32 തസ്തികകൾ മാത്രം. നിലവിൽ സേനാബലം ക്യാമ്പിൽ നിന്ന് താത്കാലികമായി അനുവദിച്ച അഞ്ച് പേർ ഉൾപ്പെടെ 26 പേർ. മെഡിക്കൽ അവധിയിലുള്ളവരുടെയും വർക്ക് അറേഞ്ച്മെന്റിൽ മറ്റ് ഡ്യൂട്ടി ചെയ്യുന്നവരുടെയും എണ്ണം ഒഴിവാക്കിയാൽ സ്റ്റേഷൻ ഡ്യൂട്ടിക്ക് അവശേഷിക്കുന്നത് 20 പേർ മാത്രം.
പ്രതിമാസം രജിസ്റ്റർ ചെയ്യുന്ന കേസുകൾ 75 മുതൽ 90 വരെ
ക്രൈം കേസുകൾ ശരാശരി 25നും 30നും ഇടയിൽ