ആലുവ: സ്വകാര്യ ബസ് സ്റ്റാൻഡിന് മുമ്പിലെ അനധികൃത സ്റ്റോപ്പ് നിർത്തലാക്കുക മാത്രമല്ല, ഹൈക്കോടതി ഉത്തരവ് പരിഗണിച്ച് ആലുവയിൽ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്ന എല്ലാ കെ.എസ്.ആർ.ടി.സി ഓർഡിനറി / മൊഫ്യൂസർ സർവീസ് ബസുകളും സ്വകാര്യ ബസ് സ്റ്റാൻഡിൽ കയറണമെന്ന് ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചു. ഇക്കാര്യം രേഖാമൂലം കെ.എസ്.ആർ.ടി.സി അധികൃതരെ അറിയിക്കും. സ്വകാര്യ ബസ് സ്റ്റാന്റിന് മുന്നിൽ ബസ് നിർത്തി യാത്രക്കാരെ കയറ്റിയിറക്കുന്ന കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കും. കോടതിയലക്ഷ്യമെന്ന് കാട്ടി കെ.എസ്.ആർ.ടി.സിക്കും നോട്ടീസ് നൽകും. നഗര വീഥിയിലെ അനധികൃത വാഹന പാർക്കിംഗ് ഒഴിവാക്കാൻ നടപടിയെടുക്കുന്നതിന് ജില്ലാ പൊലീസ് മേധാവിക്ക് കത്ത് നൽകും. ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽ മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷനായി. തഹസിൽദാർ ടി.വി. അനിൽകുമാർ, എം.വി.ഐ എ.എ.താഹിറുദ്ദീൻ, ട്രീസ സെബാസ്റ്റ്യൻ (പി.ഡബ്ല്യൂ.ഡി), ഓമനക്കുട്ടൻ (എസ്.ഐ ട്രാഫിക് യൂണിറ്റ്, ആലുവ), നഗരസഭ സെക്രട്ടറി പി.ജെ. ജെസിന്ത, ബേസിൽ മാത്യു, എം.എൻ. നൗഷാദ്, അബ്‌ദുൾ റഷീദ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.