മൂവാറ്റുപുഴ: വളർത്തുമൃഗങ്ങളുടെ രോഗ നിർണയം നടത്താൻ കർഷകരുടെ വീട്ടുപടിക്കൽ എത്തുന്ന മൊബൈൽ ടെലി വെറ്ററിനറി യൂണിറ്റിന്റെ സേവനം ഇനി മൂവാറ്റുപുഴ നഗരസഭയിലും. സംസ്ഥാന മൃഗ സംരക്ഷണവകുപ്പ് ജില്ല അടിസ്ഥാനത്തിൽ അനുവദിച്ച മൊബൈൽ ടെലി വെറ്ററിനറി യൂണിറ്റ് നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ സേവനവുമായി എത്തി. മൂവാറ്റുപുഴ വെറ്ററിനറി പോളിക്ലിനിക്ക് കേന്ദ്രീകരിച്ചുള്ള സേവനത്തിന്റെയും മുനിസിപ്പൽതല ആടുവസന്ത പ്രതിരോധ കുത്തിവയ്പ് ക്യാമ്പിന്റെയും ഉദ്ഘാടനം നഗരസഭ ചെയർമാൻ പി.പി. എൽദോസ് നിർവഹിച്ചു. അവശയായ മൃഗങ്ങളെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നടത്തുക എന്നത് കർഷകരെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ഇതിനെല്ലാം പരിഹാരമാകുന്നതാണ് പുതിയ സംവിധാനമെന്നും പി.പി. എൽദോസ് പറഞ്ഞു. ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജി മുണ്ടാട്ട്, വാർഡ് കൗൺസിലർ കെ.ജി. അനിൽകുമാർ, മൃഗ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. എസ്. അനിൽ കുമാർ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. പി.എസ്. ഷമീം അബൂബേക്കർ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ബിജു ജെ. ചെമ്പരത്തി, ഡോ. പി.ബി. രാജേഷ് , ഡോ. പി. കൃഷ്ണദാസ്. തുടങ്ങിയവർ പങ്കെടുത്തു.
വളർത്ത് മൃഗങ്ങൾക്ക് രോഗ നിർണയത്തിന് സ്‌കാനിംഗ്, എക്സ്റേ, വീണ് പോയ പശുക്കളെ ചികിത്സാർത്ഥം ഉയർത്തുന്ന കൗ ലിഫ്റ്റിംഗ് മെഷീൻ എന്നിവ ടെലി വെറ്ററിനറി മെഡിസിൻ യൂണിറ്റിൽ സജ്ജീകരിച്ചിട്ടുണ്ട്. വെറ്ററിനറി ഡോക്ടർ, എക്സ് റേ ടെക്നീഷ്യൻ, ഡ്രൈവർ കം അറ്റന്റർ എന്നിവരുടെ സേവനവും ലഭ്യമാണ്. എല്ലാ കർഷകരും ഈ സേവനം ഉപയോഗപ്പെടുത്തുന്നതിന് സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിന്റെ ടോൾ ഫ്രീ നമ്പർ ആയ 1962ൽ വിളിക്കാം.