cpm
അർബൻ സഹകരണ സംഘത്തിലെ നിക്ഷേപക തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം ഊർജ്ജിതമാക്കണമെന്നാവശ്യപ്പെട്ട് സി.പി.എമ്മിന്റെ നേതൃത്വത്തിൽ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പിക്ക് നിവേദനം നൽകുന്നു

അങ്കമാലി: അങ്കമാലി അർബൻ സഹകരണ സംഘത്തിൽ നടന്ന വൻ തട്ടിപ്പിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്കും സഹകരണ വകുപ്പ് അധികാരികൾക്കും നിവേദനം നൽകി. ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന നിക്ഷേപകർക്ക് പണം തിരികെ കിട്ടുന്നതിനുള്ള നടപടി ഉണ്ടാകണമെന്നും നിവേദനത്തിൽ പറയുന്നു. ഏരിയ സെക്രട്ടറി അഡ്വ. കെ.കെ. ഷിബു. ലോക്കൽ സെക്രട്ടറി സജി വർഗീസ്, നിക്ഷേപക സംരക്ഷണ സമിതി ഭാരവാഹികളായ പി.എ. തോമസ് യോഹന്നാൻ, വി. കൂരൻ എന്നിവരടങ്ങിയ സംഘമാണ് നിവേദനം നൽകിയത്. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി വി. റോയി നിവേദക സംഘത്തിന് ഉറപ്പ് നൽകി.