പെരുമ്പാവൂർ: എം.സി റോഡ് പുല്ലുവഴി ഡബിൾ പാലം പുനർനിർമ്മാണത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങും. പരിസ്ഥിതി സംരക്ഷണ കർമ്മസമിതി ചെയർമാൻ വർഗീസ് പുല്ലുവഴിക്ക് പൊതുമരാമത്ത് വകുപ്പ് അധികൃതർ നൽകിയ വിവരാവകാശ മറുപടിയിലാണ് ഇതു സംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്. കരാർ തുക 1,82,64,058 രൂപയാണ്. അലക്‌സാണ്ടർ സേവ്യർ ആണ് കരാറുകാരൻ. 2019ൽ മനുഷ്യാവകാശ കമ്മീഷനിലും തുടർന്ന് കേരള ഹൈക്കോടതിയിലും വർഗീസ് പുല്ലുവഴി നൽകിയ ഹർജിയെ തുടർന്നാണ് ഡമ്പിൾ പാലത്തിന്റെ പുനർനിർമ്മാണം യഥാർത്ഥ്യമായത്.
അതിനിടെ പകരം സംവിധാനമൊരുക്കാതെ ഡബിൾപാലം പൊളിക്കരുതെന്ന് ഐ.എൻ.ടി.യു.സി രായമംഗലം മണ്ഡലം പ്രസിഡന്റ് കെ.വി. എൽദോ ആവശ്യപ്പെട്ടു. പകരം സംവിധാനമായി ഉപയോഗിക്കാവുന്ന തരത്തിൽ ഓൾഡ് മൂവാറ്റുപുഴ റോഡ് നെല്ലിമോളം ജംഗ്ഷൻ വരെയുള്ള ഭാഗം അറ്റകുറ്റപ്പണി ചെയ്ത് ടാറിംഗ് നടത്തണം. കീഴില്ലം കുറിച്ചിലക്കോട് റോഡിൽ നെല്ലിമോളം മുതൽ കീഴില്ലം ഷാപ്പുംപടി വരെ ഉള്ള ഭാഗവും കുഴികൾ അടച്ച് ടാർ ചെയ്യണം. മണ്ഡലകാലം കഴിഞ്ഞതിന് ശേഷമേ ഡബിൾ പാലം പൊളിക്കാവൂ. മൂവാറ്റുപുഴ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പാലത്തിന്റെ ഒരു വശത്ത് കൂടി കടത്തിവിടുകയോ മണ്ണൂർ നിന്ന് പോഞ്ഞാശേരി റോഡിലൂടെ തിരിച്ചുവിടുകയോ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.