
കാക്കനാട്: നേത്രദാനത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിലേക്കും പൊതുജനങ്ങളിലേക്കും എത്തിക്കാനും അതുവഴി നേത്രദാനത്തിന് സജ്ജരാക്കാനും ലക്ഷ്യമിട്ട് സംസ്ഥാന സ്‌കൂൾ കായിക മേള. കായിക മേളയുടെ മെഡിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ബൃഹത് പദ്ധതി നടപ്പാക്കുന്നത്. കളക്ടർ എൻ.എസ്.കെ ഉമേഷിന്റെ ചേമ്പറിൽ നടന്ന ആലോചനാ യോഗത്തിൽ മെഡിക്കൽ കമ്മിറ്റി ചെയർമാൻ എൽദോസ് കുന്നപ്പള്ളി എം.എൽ.എയാണ് പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. നേത്രദാനത്തിനുള്ള സന്നദ്ധത അറിയിച്ച കളക്ടറും എം.എൽ.എയും സമ്മതപത്രം കൈമാറി പദ്ധതിക്ക് തുടക്കം കുറിച്ചു. ആലോചന യോഗത്തിൽ മെഡിക്കൽ കമ്മിറ്റി വൈസ് ചെയർമാൻ എൻ.എ സലിം ഫാറൂഖി, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഹണി ജി. അലക്സാണ്ടർ, ജില്ലാ മെഡിക്കൽ ഓഫീസർമാരായ ഡോ. ആശ ദേവി, ഡോ. ഗീത ദേവി, ഡോ. മേഴ്സി, ഡോ. പ്രീത പി.ആർ, ഡോ. മധു, ഡോ. ആശ, ഗിരിധർ ഐ ഹോസ്പിറ്റലിലെ നേത്ര ബാങ്ക് പ്രതിനിധി പി.വി പ്രദീപ്, കെ.എ.ടി.എഫ് ജില്ലാ സെക്രട്ടറി പി.എ കബീർ, എം.പി സജീവ്, കെ.എ നൗഷാദ്, ഷഹീം മുഹമ്മദലി, താജുദ്ദീൻ കണ്ടന്തറ, അമ്മാർ വി.ഐ, ടി. ഷറഫുദ്ദീൻ, ഇഖ്ബാൽ വലിയവീട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.
പ്രത്യേക കൗണ്ടറുകൾ
കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷനാണ് (കെ.എ.ടി.എഫ്) മെഡിക്കൽ കമ്മിറ്റിയുടെ ചുമതല. കെ.എ.ടി.എഫ് സംസ്ഥാന കൺവീനർ കെ.എ മാഹിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് ഒരു ലക്ഷം നേത്രദാനം എന്ന ആശയം ഉരുത്തിരിഞ്ഞത്. എൽദോസ് കുന്നപ്പള്ളി എം.എൽ.എയും വിദ്യാഭ്യാസ വകുപ്പും പിന്തുണ അറിയിച്ചതോടെ പദ്ധതി യാഥാർഥ്യമായി.
സംസ്ഥാനത്തെ വിവിധ നേത്രബാങ്കുകളുമായി സഹകരിച്ചാണ് ഒരു ലക്ഷം ഒരു ലക്ഷ്യം പദ്ധതി നടപ്പാക്കുന്നത്. മെഡിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കായികമേളയുടെ മുഴുവൻ വേദികളിലും പ്രത്യേക കൗണ്ടറുകൾ സജ്ജമാക്കും.
ബോധവത്കരണ ക്ലാസുകളും നേത്രദാനത്തിനുള്ള രജിസ്റ്ററേഷൻ സൗകര്യങ്ങളും ലഭ്യമാക്കും.
ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ഏഷ്യയിലെ തന്നെ വിദ്യാർത്ഥികളുടെ ഏറ്റവും വലിയ കായികമേളയുടെ മഹത്വം വർധിപ്പിക്കുക, മനുഷ്യത്വത്തിന്റെയും പങ്കുവെക്കലിന്റെയും ഇടമാക്കി മാറ്റുക എന്ന ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്
എൽദോസ് കുന്നപ്പള്ളി
എം.എൽ.എ
വിദ്യാർത്ഥികൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ, കായിക താരങ്ങളടക്കമുള്ള സമൂഹത്തിലെ മുഴുവനാളുകളും ഈ ക്യാമ്പയിനുമായി സഹകരിക്കണം
എൻ.എസ്.കെ ഉമേഷ്
കളക്ടർ