sahodaya
സെൻട്രൽ കേരള സഹോദയ കായിക മേളയിൽ 4x100 റിലേ സൂപ്പർ സീനിയർ ബോയ്സ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂൾ ടീം

മൂവാറ്റുപുഴ : സെൻട്രൽ കേരള സഹോദയ കായികമേളയുടെ രണ്ടാം ദിനവും മുന്നേറ്റം തുടർന്ന വാഴക്കുളം കാർമൽ സി.എം.ഐ പബ്ലിക് സ്കൂൾ. ഇന്നലെ മത്സരങ്ങൾ സമാപിച്ചപ്പോൾ 406 പോയിന്റുകൾ നേടിയാണ് കാർമൽ സ്കൂൾ ഒന്നാമത് എത്തിയത്. 345 പോയിന്റുകളുമായി മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂൾ രണ്ടാം സ്ഥാനത്തുണ്ട്. 190 പോയിന്റുകൾ നേടിയ ചാലക്കുടി സി.എം.ഐ പബ്ലിക് സ്കൂളാണ് മൂന്നാം സ്ഥാനത്ത്. ഹൈജംപ്, ഷോട്പുട്ട്, ഡിസ്കസ് ത്രോ, ജാവലിൻ, ട്രിപ്പിൾ ജമ്പ്, 800 മീറ്റർ ഓട്ടം തുടങ്ങി 29 വ്യക്തിഗത ഇനങ്ങളുടേയും, റിലേയുടേയും ഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും. ഇന്ന് വൈകീട്ട് 4 ന് നടക്കുന്ന സമാപന സമ്മേളനം മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ് ഉദ്ഘാടനം ചെയ്യും. സി.എം.ഐ മൂവാറ്റുപുഴ പ്രൊവിൻഷ്യാൾ ഫാ.മാത്യു മഞ്ഞക്കുന്നേൽ അദ്ധ്യക്ഷനാകും. സെൻട്രൽ കേരള സഹോദയ പ്രസിഡന്റ് ഫാ. മാത്യു കരീത്തറ, കോൺഫെഡറേഷൻ ഒഫ് സഹോദയ കോംപ്ലക്സസ് സംസ്ഥാന പ്രസിഡന്റ് ഫാ. ഡോ. സിജൻ പോൾ ഊന്നുകല്ലേൽ, സ്കൂൾ മാനേജർ ഫാ. തോമസ് മഞ്ഞക്കുന്നേൽ, കാർമൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോൺസൺ വെട്ടിക്കുഴിയിൽ, പി.ടി.എ പ്രസിഡന്റ് പ്രിൻസ് ടി. ജോർജ്,​ ഫാ. ജോൺസൺ പാലപ്പിള്ളി, സ്പോർട്സ് കോ-ഓർഡിനേറ്റർ സി.സി. സുഭാഷ് എന്നിവർ പ്രസംഗിക്കും.