sasthram-

ആലുവ: ജില്ലാ ശാസ്ത്രമേളയോടനുബന്ധിച്ച് നടന്ന എറണാകുളം മേഖല വൊക്കേഷണൽ എക്സ്പോയിൽ ഇരിങ്ങോൾ ഗവ. വൊക്കേഷണൽ ഹയർ സെക്കൻ‌‌ഡറി സ്കൂൾ വിദ്യാർത്ഥികളുടെ സ്റ്റാൾ ശ്രദ്ധേയമായി. വൊക്കേഷണൽ എക്സ്പോയുടെ നാല് വിഭാഗങ്ങളിലൊന്നായ മോസ്റ്റ്‌ കരിക്കുലം വിഭാഗത്തിലാണ് ഇവർ മത്സരിച്ചത്. ഡയറി ഫാർമിംഗ് ഒൻട്രപ്രണർഷിപ്പ് കോഴ്സിന്റെ ഭാവി പഠനസാദ്ധ്യതകളെയും ജോലി സാദ്ധ്യതകളെയും കരികുലത്തെയും കുറിച്ച് വ്യക്തമായ ധാരണ പൊതുജനങ്ങളിലെയ്ക്കും വിദ്യാർത്ഥികളിലെയ്ക്കും എത്തിക്കുവാൻ സാധിക്കുന്ന തരത്തിലാണ് സ്റ്റാൾ ക്രമീകരിച്ചിരിക്കുന്നത്. പശുവിന്റെയും എരുമയുടെയും ജനുസുകൾ, പലതരത്തിലുള്ള പശുത്തൊഴുത്തുകൾ, മികച്ച രീതിയിൽ എങ്ങനെ ചാണകവും മൂത്രവും വളമാക്കി മാറ്റി വരുമാനം നേടാം, പാലിന്റെ മൂല്യവർധിത ഉത്പന്നങ്ങൾ, കൃത്രിമ ബീജ സങ്കലനം, കന്നുകാലികൾക്കു നൽകുന്ന വിവിധ തരം തീറ്റ ഇനങ്ങൾ, കറവ യന്ത്രത്തിന്റെ പ്രവർത്തനം, മറ്റ് ഉപകരണങ്ങൾ എന്നിവയെ കുറിച്ചുള്ള വ്യക്തമായ അവബോധം ജനങ്ങളിലേക്ക് എത്തിക്കുവാൻ സാധിച്ചുവെന്ന് സ്കൂൾ പ്രിൻസിപ്പാൾ ആർ.സി. ഷിമി പറഞ്ഞു.

വിദ്യാർത്ഥികളായ ബാലസുബ്രമണ്യം, എം. ഫിനുബിൻ ലിരിഷ് എന്നിവരാണ് മത്സരത്തിൽ പങ്കെടുത്തത്.