പറവൂർ: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് വീടുവയ്ക്കാൻ വായ്പയെടുത്തത് തിരിച്ചടക്കാൻ കഴിയാതെ വന്നതിനെ തുടർന്ന് ജപ്തി ചെയ്ത വീടിന്റെ ആധാരം വീട്ടമ്മയ്ക്ക് തിരിച്ചുകിട്ടി. കഴിഞ്ഞ 14നാണ് പറവൂർ വടക്കേക്കര കണ്ണെഴത് വീട്ടിൽ സന്ധ്യയും രണ്ട് മക്കളും താമസിച്ചിരുന്ന വീട് സ്വകാര്യ ധനകാര്യസ്ഥാപനം ജപ്തി ചെയ്തത്. ജീവിതം വഴിമുട്ടിയ സന്ധ്യക്ക് സഹായ ഹസ്തവുമായി എത്തിയത് ലുലു ഗ്രൂപ്പാണ്. സഹായ പ്രഖ്യാപിച്ച ഉടനെ ധനകാര്യസ്ഥാപനം സീൽ ചെയ്ത വീട് തുറന്നുകൊടുത്തു. കുട്ടികളുടെ വിദ്യാഭ്യാസത്തിനും വീട്ടുചെലവിനുമായി അന്ന് രാത്രിയിൽ പത്ത് ലക്ഷം രൂപയുടെ ചെക്ക് ലുലു ഗ്രൂപ്പ് അധികൃതർ സന്ധ്യയുടെ വീട്ടിലെത്തി ഏൽപ്പിച്ചു. ധനകാര്യസ്ഥാപനത്തിൽ അടക്കേണ്ട 8.25 ലക്ഷം രൂപ അടുത്ത ദിവസം കൊടുത്തു. കോടതി നടപടികൾ അവസാനിപ്പിച്ച് ഇന്നലെയാണ് ആധാരം തിരിച്ചു കിട്ടിയത്. ലുലു ഗ്രൂപ്പ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ ബാങ്ക് ഉദ്യോഗസ്ഥർ ആധാരം സന്ധ്യക്ക് കൈമാറി. താമസിക്കുന്ന സ്ഥലം ഭർത്താവിന്റെ പേരിലാണ്. വിവാഹമോചനം നൽകിയാൽ വീടും സ്ഥലവും കൈമാറാമെന്ന് ഭർത്താവ് അറിയിച്ചിട്ടുണ്ട്. വീടും സ്ഥലവും സന്ധ്യയുടെ പേരിലേക്ക് മാറ്റാൻ എല്ലാ പിന്തുണയും നാട്ടുകാരും അറിയിച്ചിട്ടുണ്ട്.