munabam-jn-road
മുനമ്പം കവലയിലെ അടിപ്പാത നിർമ്മാണ സ്ഥലത്തെ താത്കാലിക വഴി ചെളി നിറഞ്ഞപ്പോൾ

പറവൂർ: ക്രമീകരണങ്ങൾ ഒരുക്കാതെയുള്ള ദേശീയപാത 66ന്റെ നിർമ്മാണ പ്രവർത്തനങ്ങൾ സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. മുനമ്പം കവലയിൽ മാസങ്ങൾക്ക് മുമ്പ് അടിപാതയുടെ പണി ആരംഭിച്ച നാൾമുതൽ ഈ ഭാഗത്ത് കൂടി വാഹനങ്ങൾക്ക് കടന്നുപോകുവാൻ ഏർപ്പെടുത്തിയ പകരം സംവിധാനമാണ് യാത്രക്കാർക്ക് വെല്ലുവിളിയാകുന്നത്. കൽപ്പൊടിയും ദേശീയപാത നിർമ്മാണ സ്ഥലത്ത് നിന്ന് കോരിയ ചെളിനിറഞ്ഞ മണ്ണും ഉപയോഗിച്ചാണ് താത്കാലിക പാത ഒരുക്കിയിരിക്കുന്നത്. ബസ് ഉൾപ്പെടെ വലിയ വാഹനങ്ങൾ കടന്നുപോകുന്ന വഴി ഏതാനും ദിവസം കഴിഞ്ഞതോടെ ചെളിനിറഞ്ഞ് കുണ്ടും കുഴിയുമായി മാറി. ഇരുചക്രവാഹനങ്ങളും കാൽനട യാത്രക്കാരും ഭയന്നാണ് ഈ വഴിയിലൂടെ സഞ്ചരിക്കുന്നത്. മഴ മാറിയാൽ പൊടിശല്യം രൂക്ഷമായി ഈ വഴിയിലൂടെയുള്ള യാത്ര കൂടുതൽ ദുഷ്കരമാക്കും. താത്കാലിക വഴി ഏകദേശം 100 മീറ്റർ ടാറിംഗ് നടത്തിയിരുന്നെങ്കിൽ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാമായിരുന്നു. ദേശീയപാത ടാറിംഗ് ജോലികൾ നടക്കുന്നതിനാൽ നിഷ്പ്രയാസം നടപ്പാക്കാമായിരുന്നിട്ടും ജനങ്ങളെ ദുരിതത്തിലാക്കുന്ന അധികൃതരുടെ നിലപാടിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.