കാക്കനാട്: തൃക്കാക്കരയിലെ അപകട മേഖലകളിൽ അടിയന്തര ഇടപെടലിനായി നഗരസഭയുടെയും യുവജന ക്ഷേമ ബോർഡിന്റെയും നേതൃത്വത്തിൽ 100 വൊളണ്ടിയർമാരെ ഉൾപ്പെടുത്തി 'ടീം തൃക്കാക്കര' രൂപീകരിക്കും. അപകടങ്ങൾ ഉണ്ടാകുമ്പോൾ പൊലീസിനും അഗ്നിരക്ഷാ സേനക്കും സഹായകരമാകും വിധം പ്രവർത്തിക്കുകയാണ് ടീം തൃക്കാക്കരയുടെ ലക്ഷ്യം. യുവജന ക്ഷേമ ബോർഡിന്റെ 'ടീം കേരള യൂത്ത് ഫോഴ്സ്' പദ്ധതിയുടെ ഭാഗമായാണിത്. സന്നദ്ധ സംഘടനകൾ, രാഷ്ട്രീയപാർട്ടികളുടെ യുവജന പ്രസ്ഥാനങ്ങൾ, റസിഡന്റ്സ് അസോസിയേഷനുകൾ, വ്യാപാരി വ്യവസായി സംഘടനകൾ തുടങ്ങിയവയിൽ നിന്നാകും വൊളണ്ടി‌യർമാരെ തിരഞ്ഞെടുക്കുക. യുവജന ക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ ഇവർക്കു പരിശീലനം നൽകും. യുവജന ക്ഷേമ ബോർഡിന്റെ നിർദേശത്തെ തുടർന്ന് നഗരസഭ വിദ്യാഭ്യാസ സ്‌ഥിര സമിതി ചെയർമാൻ നൗഷാദ് പല്ലച്ചിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഇതു സംബന്ധിച്ച പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കി. നഗരസഭ കൗൺസിലിന്റെ അംഗീകാരത്തോടെ പദ്ധതി നടപ്പാക്കും.