 
ആലുവ: പുത്തൻ കണ്ടുപിടിത്തങ്ങളും പരീക്ഷണങ്ങളുമായി എറണാകുളം റവന്യൂ ജില്ലാ ശാസ്ത്രമേളയ്ക്ക് കൊടിയിറങ്ങി. സ്കൂൾ വിഭാഗത്തിൽ 391 പോയിന്റ് നേടി കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് ജേതാക്കളായി. മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഗേൾസ് 355 പോയിന്റോടെ രണ്ടാം സ്ഥാനത്തെത്തി.
1250 പോയിന്റ് നേടി നോർത്ത് പറവൂർ ഉപജില്ലാ ഒന്നാo കരസ്ഥമാക്കി. 1082 പോയിന്റ് നേടി എറണാകുളം ഉപജില്ല രണ്ടാം സ്ഥാനം നേടി.
ആലുവ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സമാപന സമ്മേളനം പി.വി. ശ്രീനിജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഫാസിൽ ഹുസൈൻ, ലത്തീഫ് പുഴിത്തറ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്സാണ്ടർ, വി.എച്ച്.എസ്.ഇ എ.ഡി പി. നവീന, ആലുവ എ.ഇ.ഒ സനൂജ പി. ഷംസ്, അദ്ധ്യാപക സംഘടന നേതാക്കളായ ഷക്കീല ബീവി, സജി ചെറിയാൻ, രഞ്ജിത്ത് മാത്യു, സി.എസ്. സിദ്ദിഖ്, കെ.എ. നൗഷാദ്, ഏലിയാസ് മാത്യു, അജിമോൻ പൗലോസ്, ഡോ. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.
വൊക്കേഷണൽ എക്സ്പോ വിജയികൾക്ക് അസിസ്റ്റന്റ് ഡയറക്ടർ പി. നവീന സമ്മാനങ്ങൾ വിതരണം ചെയ്തു. സമാപനമ്മേളനത്തിൽ ജനറൽ കൺവീനർ ടി.വി. മുരളീധരൻ, ആലുവ സെയ്ന്റ് മേരീസ് എച്ച്.എസ്. ഹെഡ്മാസ്റ്റർ ജെയ്മോൻ ടി. ഇട്ടീര, ബിജു ഈപ്പൻ എന്നിവർ സംസാരിച്ചു. എറണാകുളം, കോട്ടയം റീജിയനിൽപെടുന്ന സ്കൂളുകളുടെ എക്സ്പോയാണ് നടന്നത്.