bridge

ആലുവ: കഴിഞ്ഞ ദിവസങ്ങളിൽ ആലുവയിൽ നടന്ന റവന്യൂ ജില്ലാ ശാസ്ത്രമേളയിൽ ഹൈടെക് ആശയങ്ങൾ അവതരിപ്പിച്ച ഫോർട്ട് കൊച്ചി സാന്റാ ക്രൂസ് എച്ച്.എസ്.എസ് വിദ്യാർത്ഥികൾ കാണാനെത്തിയവരെ അത്ഭുതപ്പെടുത്തി. സ്മാർട്ട് സിറ്റിയിൽ പ്രളയ സമയത്ത് ജലനിരപ്പ് ഉയരുന്നതനുസരിച്ച് ഇരുകരകളെ ബന്ധിപ്പിക്കുന്ന പാലം ഉയരുന്ന സംവിധാനവും വീട്ടിൽ ആളില്ലാത്തപ്പോൾ പാചകവാതക ചോർച്ചയുണ്ടായാൽ മുന്നറിയിപ്പ് നൽകുന്ന സംവിധാനവുമാണ് പ്ലസ് ടു വിദ്യാർത്ഥികളായ പി.പി. അശ്വിൻ, റയാൻ റാഫേൽ എന്നിവർ അവതരിപ്പിച്ചത്.

വീടുകളിൽ സ്ഥാപിക്കുന്ന സെൻസർ മുഖേന ചോർച്ച സംബന്ധിച്ച വിവരം ഫോണുകളിലേക്ക് കൈമാറാൻ കഴിയും. മാത്രമല്ല, കണക്ട് ചെയ്യുന്ന ഭാഗത്താണ് ചോർച്ചയെങ്കിൽ അത് തടയുന്നതിനും സംവിധാനം കണ്ടെത്തിയിട്ടുണ്ട്. സ്മാർട്ട് സിറ്റിയിൽ ട്രാഫിക് അപകടം ഇല്ലാതിരിക്കാൻ വൺവേ തെറ്റിക്കുന്ന വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന സംവിധാനവും ഇവരുടെ ആശയത്തിലുണ്ട്.