
പറവൂർ: പറവൂർ ഗവ. താലൂക്ക് ആശുപത്രി കോമ്പൗണ്ടിലെ എസ്.ഡി കോൺവെന്റിൽ നിന്ന് 30,000 രൂപയോളം മോഷ്‌ടിച്ചയാൾ പിടിയിൽ. തമിഴ്നാട് രാധാപുരം കുത്തൻകുള്ളി ചുണ്ടംകാട് ഡാനിയേലിനെ (23) ആണ് പറവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 15ന് രാവിലെ 6.25നും 7.30നും മദ്ധ്യേയാണ് മോഷണം നടന്നത്. കോൺവെന്റിൽ താമസിച്ചിരുന്ന മൂന്ന് കന്യാസ്ത്രീമാരും സമീപത്തുള്ള പള്ളിയിൽ പോയിരുന്നു. സാധാരണ ആ സമയത്ത് കോൺവെന്റിൽ ജോലിക്കാരി ഉണ്ടാകാറുണ്ട്. സംഭവദിവസം അവർ അവധിയിലായിരുന്നു. കോൺവന്റ് പൂട്ടി താക്കോൽ ഒരു ജനലിന്റെ പാളി തുറന്ന് അകത്തു വച്ചാണ് കന്യാസ്ത്രീകൾ പള്ളിയിൽ പോയത്. ആ താക്കോൽ എടുത്താണ് ഡാനിയേൽ അകത്തുകയറിയത്. ശാസ്ത്രീയ അന്വേഷണത്തിൽ എറണാകുളം കെ.എസ്.ആർ.ടി.സി പരിസരത്ത് നിന്നാണ് ഡാനിയേലിനെ മുനമ്പം ഡിവൈ.എസ്.പി എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്. ഇയാൾക്കെതിരെ വലിയതുറ, ഞാറയ്ക്കൽ, എറണാകുളം നോർത്ത് പൊലീസ് സ്‌റ്റേഷനുകളിൽ കേസുകളുണ്ട്. ഇൻസ്പെക്‌ടർ ഷോജോ വർഗീസ്, എസ്.ഐ സുധീർ, എ.എസ്.ഐ ബിജു, എസ്.സി.പി.ഒമാരായ രാജേഷ്, ജോസഫ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.