
കൊച്ചി: ജനാധിപത്യ വിരുദ്ധമായി ഭൂമിയും സ്വത്തും കവർന്നെടുക്കുകയാണ് വഖഫ് ബോർഡ് ചെയ്യുന്നതെന്ന് ബി.ജെ. പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ പറഞ്ഞു. മുനമ്പം വഖഫ് ബോർഡ് അധിനിവേശത്തിനെതിരെ ബി.ജെ.പി ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് നടത്തിയ ഐക്യദാർഢ്യ പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വന്തം മണ്ണിൽ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണ് മുനമ്പത്ത് നടക്കുന്നത്. സ്വന്തം പേരിൽ ആധാരം ചെയ്ത ഭൂമിക്ക് ഇപ്പോൾ അവകാശവാദം ഉന്നയിച്ചുകൊണ്ട് വരുന്നത് ശരിയത്തിനെ പിൻപറ്റിയാണ്. ജനാധിപത്യ രാജ്യത്ത് ഇത്തരം നിയമങ്ങൾ കോൺഗ്രസ് കൊണ്ടുവന്നത് മുസ്ലിം പ്രീണനത്തിന്റെ ഭാഗമായിട്ടാണ്. ഇത് ജനാധിപത്യ അവകാശങ്ങളെ ഹനിക്കുന്നതാണ്. ഇതൊന്നും പരിഗണിക്കാതെ മുസ്ലിം പ്രീണനം തുടരുന്നതിന്റെ ഭാഗമായിട്ടാണ് നിയമസഭയിൽ ഇരുമുന്നണികളും ഐക്യകണ്‌ഠേന പ്രമേയം പാസാക്കിയത്. കൂടുതൽ പ്രീണിപ്പിക്കാനായി ഇവർ തമ്മിൽ മത്സരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സമാപന സമ്മേളനം ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ.കെ.എസ്. ഷൈജു, വേളാങ്കണ്ണി മാതാപള്ളി ഇടവക വികാരി ആന്റണി സേവിയർ, ബി.ജെ.പി സംസ്ഥാന കമ്മിറ്റി ശങ്കരൻകുട്ടി, വി. കെ. സുദേവൻ, ജില്ലാ വൈസ് പ്രസിഡന്റ് എൻ.എൽ. ജെയിംസ്, മണ്ഡലം പ്രസിഡന്റ് വിനിൽ തുടങ്ങിയവർ പ്രസംഗിച്ചു.