കൊച്ചി: കോഴിക്കോടുനിന്നും തിരുവനന്തപുരത്തുനിന്നും കാണാതായ രണ്ട് കുട്ടികളെ ഒരേദിവസം എറണാകുളം നഗരത്തിൽ നിന്ന് സിറ്റി പൊലീസിന്റെ പട്രോളിംഗ് സംഘം കണ്ടെത്തി. കോഴിക്കോട് പന്നിയങ്കര സ്വദേശിയായ 14കാരനെ നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും തിരുവന്തപുരം മാറാനല്ലൂർ സ്വദേശിയായ 17കാരനെ പാലാരിവട്ടം മേൽപ്പാലത്തിന് സമീപത്തുമാണ് കണ്ടെത്തിയത്. കുട്ടികളെ കാണാതായത് സംബന്ധിച്ച് പൊലീസ് കൺട്രോൾ റൂമിൽ നിന്നുള്ള അറിയിപ്പും കുട്ടികളുടെ ചിത്രവും മറ്റ് വിവരങ്ങളും കൊച്ചി സിറ്റി പൊലീസിന്റെ വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും പങ്കുവച്ചിരുന്നു. രാത്രി നഗരത്തിൽ പട്രോളിംഗ് നടത്തിയിരുന്ന ഗ്രേഡ് എ.എസ്.ഐ ഗോമറിൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഹരി, സിവിൽ പൊലീസ് ഓഫീസർ വിപിൻ എന്നിവർ നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് കോഴിക്കോടുകാരനെയും മറ്റൊരു പട്രോളിംഗ് സംഘത്തിലുണ്ടായിരുന്ന എസ്.ഐ. ഗോപി, സി.പി.ഒമാരായ ശ്യാം, മിക്സൺ എന്നിവർ രാത്രി 12.15ന് പാലാരിവട്ടത്തുനിന്ന് തിരുവനന്തപുരം സ്വദേശിയേയും കണ്ടെത്തുകയായിരുന്നു. രണ്ടുപേരെയും പിന്നീട് രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.