
കേരളത്തെ ആശങ്കയുടെ മുൾമുനയിൽ നിറുത്തിയ കളമശേരി ബോംബ് സ്‌ഫോടനക്കേസിന് നാളെ ഒരാണ്ട് തികയും. 12കാരിയടക്കം എട്ടുപേരുടെ ജീവനെടുത്ത അതിദാരുണ സംഭവത്തെക്കുറിച്ച് മലയാളികൾക്ക് നെഞ്ചുലയാതെ എങ്ങനെ ഓർക്കാനാകും? തൃക്കാക്കര ജില്ലാ ജയിലിൽ കഴിയുന്ന ഏകപ്രതി തമ്മനം ചിലവന്നൂർ വേലിക്കകത്തു വീട്ടിൽ ഡൊമിനിക് മാർട്ടിൻ കേസ് സ്വയം വാദിക്കാനുള്ള തയ്യാറെടുപ്പ് നടത്തുമ്പോൾ ബാഹ്യപ്രേരണയിലടക്കം അന്വേഷണം തുടരുന്നുണ്ടെന്ന് ഇപ്പോഴും പൊലീസ് ആവർത്തിക്കുന്നു . എന്നാൽ അന്വേഷണമെല്ലാം ഏതാണ്ട് പൂട്ടിക്കെട്ടിയ സ്ഥിതിയാണ്.
കഴിഞ്ഞവർഷം ഒക്ടോബർ 29ന് രാവിലെ 9.30നാണ് യഹോവ സാക്ഷികളുടെ മേഖലാ കൺവെൻഷൻ നടന്ന കളമശേരി സാമ്ര കൺവെൻഷൻ സെന്ററിൽ ആദ്യ സ്‌ഫോടനമുണ്ടായത്. തുടർച്ചയായി രണ്ട് സ്‌ഫോടനങ്ങൾ കൂടിയുണ്ടായി. ഭീകര ആക്രമണമാണെന്ന സംശയം കേന്ദ്ര, സംസ്ഥാന സർക്കാരുകളെ ജാഗ്രതയിലാക്കി. ഗുരുതരമായി പൊള്ളലേറ്റ് ഒരു കുടുംബത്തിലെ മൂന്നുപേരുൾപ്പെടെ എട്ടു പേരുടെയും മരണം കേരളത്തിന്റെ ഉള്ളുപൊള്ളിച്ചു. തൊടുപുഴ സ്വദേശിനി കുമാരി പുഷ്പൻ (53), കുറുപ്പുംപടി സ്വദേശനി ലെയോണ (55), മലയാറ്റൂർ സ്വദേശിനി ലിബ്‌ന (12) ലിബ്‌നയുടെ മാതാവ് സാലി (45), സഹോദരൻ പ്രവീൺ (24), ആലുവ മുട്ടം സ്വദേശി മോളി ജോയ് (61), തൊടുപുഴ സ്വദേശി കെ.എ. ജോൺ (77), ഇടുക്കി സ്വദേശി ലില്ലി ജോൺ എന്നിവരാണ് കൊല്ലപ്പെട്ടത്.
സ്‌ഫോടത്തിൽ ആദ്യം മൂന്ന് പേരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് ഐ.സി.യുവിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അഞ്ച് പേർ പിന്നീട് വിവിധ ദിവസങ്ങളിലായി മരണത്തിന് കീഴടങ്ങി. സ്‌ഫോടനം നടന്ന സമയം രണ്ടായിരത്തിലധികം പേർ ഹാളിലുണ്ടായിരുന്നു. രണ്ടു മാസം മുമ്പേ സ്‌ഫോടനത്തിനായി മാർട്ടിൻ തയ്യാറെടുപ്പുകൾ നടത്തി. യഹോവയുടെ സാക്ഷികൾ തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിലും തന്റെ നിർദ്ദേശങ്ങൾ തള്ളിക്കളഞ്ഞതിലുമുള്ള പകയാണ് മാർട്ടിനെ കൊടുംപാതകത്തിന് പ്രേരിപ്പിച്ചത്.
പകയിൽ പൊട്ടിത്തെറി
ഇസ്രയേൽ-പാലസ്തീൻ യുദ്ധം നടക്കെ കേരളവും ജാഗ്രതയിലായിരുന്ന സമയം. രാവിലെ ഒമ്പതരയോടെ കഥയാകെ മാറി. കളമശേരിയിലെ സാമ്ര കൺവെൻഷൻ സെന്ററിലെ ഉഗ്രസ്‌ഫോടനം കേരളത്തെ ഞെട്ടിച്ചു. കേന്ദ്ര അന്വേഷണ ഏജൻസികളും ദേശീയമാദ്ധ്യമങ്ങളും കളമശേരിയിലേക്ക് പറന്നെത്തി. എന്താണ് സംഭവിച്ചതെന്ന് അറിയാതെ നാട്ടുകാരും കൺവെൻഷനിൽ പങ്കെടുത്തവരും അമ്പരപ്പിൽ. നടന്നത് ഐ.ഇ.ഡി സ്‌ഫോടനമെന്ന് ബോംബ് സ്‌ക്വാഡ് കണ്ടെത്തി. ആരാണ് പിന്നിലെന്നതിൽ ആശങ്ക പലസംശയങ്ങൾക്കും വഴിതുറന്നു. മണിക്കൂറുകൾക്ക് ശേഷം ഫേസ്ബുക്ക് വീഡിയോയിലൂടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് പ്രതി മാർട്ടിൽ രംഗത്തുവന്നത്. പിന്നാലെ കൊടകര പൊലീസിൽ കീഴടങ്ങി. മണിക്കൂർ നീണ്ട നടപടികൾക്ക് ശേഷമായിരുന്നു അറസ്റ്റ്.
സഭ തെറ്റായ വഴിയിലൂടെയാണ് പോകുന്നതെന്ന് ചൂണ്ടിക്കാട്ടിയെങ്കിലും തിരുത്തിയില്ലെന്ന് കാട്ടിയാണ് റിമോട്ട് കൺട്രോളിൽ ഐ.ഇ.ഡി ബോംബ് സ്‌ഫോടനം നടത്തിയതെന്ന് മാർട്ടിൻ വെളിപ്പെടുത്തി. ഇന്റർനെറ്റിൽ നോക്കി തമ്മനത്തെ സ്വന്തം വീട്ടിൽവച്ച് ബോംബ് നിർമ്മിക്കുകയായിരുന്നു. സംഭവദിവസം രാവിലെ അഞ്ച് മണിക്ക് വീട്ടിൽ നിന്നിറങ്ങിയ മാർട്ടിൻ കൺവെൻഷൻ സെന്ററിൽ നാലിടത്തായാണ് ബോംബുകൾ സ്ഥാപിച്ചത്. പെട്രോളും വെടിമരുന്നും ബോംബ് നിർമാണത്തിനായി ഉപയോഗിച്ചു. പ്രാർത്ഥന സദസിൽ ഡൊമിനിക്കിന്റെ ഭാര്യ മാതാവ് ഉൾപ്പടെയുള്ളവർ ഉണ്ടായിരുന്നെങ്കിലും കൃത്യത്തിൽ നിന്ന് ഇയാൾ പിന്മാറിയില്ല.
കേന്ദ്ര അന്വേഷണം ഇരുട്ടിലായി
ദീർഘകാലം ഗൾഫിൽ ജോലി ചെയ്തിട്ടുള്ള ഡൊമിനിക്കിന്റെ ബന്ധങ്ങൾ സംബന്ധിച്ച് കേന്ദ്ര ഏജൻസികൾ നടത്തിയ അന്വേഷണവും എങ്ങുമെത്തിയില്ല. ബോംബ് നിർമ്മിക്കാനും സ്‌ഫോടനം നടത്താനും വിദേശത്തുവച്ച് പരിശീലനമോ ഒത്താശയോ ലഭിച്ചിരുന്നോയെന്നാണ് അന്വേഷിച്ചത്. യഹോവയുടെ സാക്ഷികളുടെ നേതൃത്വവുമായി വിയോജിച്ചാണ് സ്‌ഫോടനമെന്നാണ് പ്രതി പറയുന്നതെങ്കിലും ബാഹ്യപ്രേരണയുണ്ടോയെന്നത് കേന്ദ്രീകരിച്ചായിരുന്നു വിവരശേഖരണമെല്ലാം. സ്‌ഫോടനം നടത്തിയശേഷം സ്ഥലംവിട്ട ഡൊമിനിക് മാർട്ടിന് പിന്നിൽ ആരെങ്കിലുമുണ്ടോയെന്ന് അന്വേഷിച്ചെങ്കിലും ഇയാൾക്ക് മാത്രമേ പങ്കുള്ളൂവെന്ന നിഗമനത്തിൽ എത്തിയെന്നാണ് എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച 3578 പേജുള്ള കുറ്റപത്രത്തിൽ പൊലീസ് പറയുന്നത്. എന്നാൽ ഈ സാദ്ധ്യത പൂർണമായും തള്ളുകയും ചെയ്തിട്ടില്ല. യു.എ.പി.എ, സ്‌ഫോടകവസ്തു നിരോധനനിയമം, ഐ.പി.സി വകുപ്പുകളാണ് മാർട്ടിനെതിരെ ചുമത്തിയിട്ടുള്ളത്. വിചാരണ വൈകാതെ തുടങ്ങും.
പൊലീസ് കണ്ടെത്തലുകൾ
ബോംബ് നിർമ്മാണം യൂട്യൂബിലൂടെ പഠിച്ചു
ബോംബ് നിർമ്മിച്ചത് സ്ഫോടനത്തിന്റെ തലേന്ന്
പുലർച്ചെ അഞ്ചരയ്ക്ക് വീട്ടിൽ നിന്ന് ഇറങ്ങി
രാവിലെ ഏഴരയ്ക്ക് കൺവൻഷൻ സെന്ററിൽ
കസേരകൾക്കിടയിലാണ് ബോംബ് വച്ചത്
ആഘാതംകൂടാൻ പെട്രോൾ ക്യാനും ഒപ്പംവച്ചു
സ്വയം വാദിക്കാൻ മാർട്ടിൻ
തൃക്കാക്കര ജില്ലാ ജയിലിൽ വിചാരണ തടവുകാരനായി കഴിയുന്ന പ്രതി ഡൊമിനിക് മാർട്ടിൻ കൂടുതലും പുസ്തക വായനയ്ക്കായാണ് സമയം നീക്കിവയ്ക്കുന്നത്. ആരോടും കാര്യമായി സംസാരിക്കാറില്ലെന്നാണ് ജയിൽ വൃത്തങ്ങൾ നൽകുന്ന വിവരം. തനിക്ക് എതിരായ കേസ് സ്വയം വാദിക്കുമെന്ന് മാർട്ടിൽ ജില്ലാ കോടതിയെ നേരത്തെ അറിയിച്ചിരുന്നു. ഇതിനാൽ വാക്കാലത്ത് ആർക്കും നൽകിയിട്ടില്ല. ബന്ധുക്കൾ ചിലർ ഇടയ്ക്ക് വന്നുകാണാറുണ്ട്.