 
പെരുമ്പാവൂർ: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി ആർ.കെ.വി.വൈ (രാഷ്ട്രീയ കൃഷി വികാസ് യോജന) പദ്ധതി പ്രകാരം വന്യമൃഗ ആക്രമണം തടയാൻ വേങ്ങൂർ പഞ്ചായത്ത് പാണംകുഴി വാർഡിലെ മുല്ലശേരി ക്ഷേത്രം മുതൽ പാണിയേലിപോര് വരെ 6 കിലോമീറ്റർ നീളത്തിലുള്ള സൗരോർജ തൂക്കുവേലി ഉദ്ഘാടനവും പാണിയേലിപോരിനെ ഹരിത വിനോദ സഞ്ചാര കേന്ദ്രമാക്കിയുള്ള പ്രഖ്യാപനവും വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷനായി. ബെന്നി ബഹനാൻ എം.പി, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത് കുമാർ, മുൻ എം.എൽ.എ സാജു പോൾ, വനംവകുപ്പ് ഉദ്യോഗസ്ഥരായ പി. പുകഴേന്തി, പ്രമോദ് ജി. കൃഷ്ണൻ, ആർ. ആടലരശൻ, കുറ ശ്രീനിവാസ്, ഹരിത കേരള മിഷൻ കോഓർഡിനേറ്റർ എസ്. രഞ്ജിനി, ശുചിത്വ മിഷൻ കോഓർഡിനേറ്റർ നിഫി എസ്. ഹഖ്, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ഡയറക്ടർ ടി.പി. അബ്ദുൾ അസീസ്, പഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ്, വൈസ് പ്രസിഡന്റ് പി.സി. കൃഷ്ണൻകുട്ടി, ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈമി വർഗീസ്, ബ്ളോക്ക് പഞ്ചായത്ത് മെമ്പർമാരായ പി.ആർ. നാരായണൻ നായർ, സെയ്സി ജെയിംസ് എന്നിവർ സംസാരിച്ചു.