valakuzhi
നഗരസഭയുടെ വളക്കുഴിയിലെ ഡമ്പിംഗ് യാർഡിനെതിരെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ നഗരസഭ കാര്യാലയത്തിന് മുന്നിൽ നടത്തിയ ധർണ എഡ്രാക്ക് ജില്ലാ സെക്രട്ടറി ടി.എസ്. മാധവൻ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: നഗരസഭയുടെ വളക്കുഴിയിലെ ഡമ്പിംഗ് യാർഡിനെതിരെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ നഗരസഭ കാര്യാലയത്തിലേക്ക് മാർച്ചും ധർണയും നടത്തി. ഡമ്പിംഗ് യാർഡിൽ നിന്ന് വമിക്കുന്ന ദുർഗന്ധം മൂലം ദുരിതമനുഭവിക്കുന്ന പ്രദേശവാസികളാണ് രണ്ടാംഘട്ട സമരം ആരംഭിച്ചത്. ഡമ്പിംഗ് യാർഡ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് നഗരസഭ കാര്യാലയത്തിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ജനകീയ ധർണ എഡ്രാക്ക് ജില്ലാ സെക്രട്ടറി

ടി.എസ്. മാധവൻ ഉദ്ഘാടനം ചെയ്തു. കെ.കെ. കുട്ടപ്പൻ അദ്ധ്യക്ഷനായി. പരിസ്ഥിതി പ്രവർത്തകനായ കെ.കെ. ഭാസ്‌കരൻ മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ. രവീന്ദ്രനാഥ കമ്മത്ത്, കെ.ആർ. വിജയകുമാർ, ജോസ്‌കുട്ടി ഒഴുകയിൽ, കെ.എൻ. രാജൻ, എൽദോസ് ടി. പാലപ്പുറം എന്നിവർ സംസാരിച്ചു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിർദ്ദേശങ്ങൾ നടപ്പാക്കുക. ജനാരോഗ്യത്തിന് ഹാനികരമായ ഡമ്പിംഗ് യാർഡ് പ്രവർത്തനം അവസാനിപ്പിക്കുക. കേന്ദ്രീകൃത ഡമ്പിംഗ് യാർഡ് വികേന്ദ്രീകരിക്കുക. ഉറവിട ജൈവമാലിന്യ സംസ്‌കരണം നഗരസഭയുടെ എല്ലാ വാർഡിലും നടപ്പാക്കുക, ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കുക.പൊതുഇടങ്ങളിൽ മാലിന്യം തളളുന്നവർക്കെതിരെ നഗരസഭ കർശന നിയമനടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് നഗരസഭയുടെ മുന്നിലേക്ക് വളക്കുഴി, മുടവൂർ നിവാസികൾ മാർച്ച് നടത്തിയത്.

വളക്കുഴി മുടവൂർ പ്രദേശവാസികൾക്ക് ശുദ്ധവായു ശ്വസിച്ചും ശുദ്ധജലം കുടിച്ചും ജീവിക്കുവാനുള്ള സാഹചര്യം ഒരുക്കുവാൻ നഗരസഭ തയ്യാറായില്ലെങ്കിൽ അടുത്തഘട്ട സമരം ഉടൻ ആരംഭിക്കും

കെ.കെ. കുട്ടപ്പൻ

കൺവീനർ

സമരസമിതി