
കൊച്ചി: ഭാവി ശാസ്ത്രജ്ഞരെ വാർത്തെടുക്കുന്നതിന് ശാസ്ത്ര പരീക്ഷണങ്ങൾക്കായി അത്യാധുനിക സൗകര്യങ്ങളുള്ള ടാൽറോപിന്റെ ഇൻവെന്റർ പാർക്ക് തിരുവനന്തപുരം പോത്തൻകോട് ലക്ഷ്മീ വിലാസം ഹൈസ്കൂളിൽ പ്രവർത്തനം തുടങ്ങി.
ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. ജി മാധവൻ നായർ, ഡി.ആർ.ഡി.ഒ മുൻ എയറോനോട്ടിക്കൽ സിസ്റ്റംസ് ഡയറക്ടർ ജനറലും നൂറുൽ ഇസ്‌ലാം സർവകലാശാലയുടെ വൈസ് ചാൻസലറുമായ ഡോ. ടെസ്സി തോമസ് എന്നിവർ മുഖ്യാതിഥികളായി. ഇൻവെന്റർ പാർക്കിൽ വിദ്യാർത്ഥികളുടെ ശാസ്ത്ര അഭിരുചി തിരിച്ചറിയാനും പരിപോഷിപ്പിക്കാനും അവസരമുണ്ടെന്ന് ടാൽറോപ് കോ-ഫൗണ്ടർ ആൻഡ് സി.ഇ.ഒ സഫീർ നജുമുദ്ദീൻ പറഞ്ഞു.
റോബോട്ടിക്, അസ്ട്രോണമി , റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ലാബുകളും ആധുനിക സജ്ജീകരണങ്ങളും പാർക്കിലുണ്ടാകും. എല്ലാ നിയോജകമണ്ഡലങ്ങളിലും ഓരോ സ്കൂളുകൾ തെരഞ്ഞെടുത്ത് 140 പാർക്കുകളാണ് ഒരുക്കുന്നത്. ടാൽറോപിന്റെ പദ്ധതികളായ സ്കൂൾ സയന്റിസ്റ്റ് 3.0, അഗ്രി ക്വസ്റ്റ് എന്നിവയുടെ വിപണനോദ്ഘാടനവും നടന്നു.
പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.അനിൽ കുമാർ, വൈസ് പ്രസിഡന്റ് അനിത, ജനറൽ എഡ്യുക്കേഷൻ അഡിഷണൽ ഡയറക്ടർ (അക്കാഡമിക്സ്) സി.എ.സന്തോഷ്, വാർഡ് മെമ്പർമാരായ നയനാ ഷമീർ, അബിൻ ദാസ്, ലൈഫോളജി കോ-ഫൗണ്ടർ ആൻഡ് ഡയറക്ടർ രാഹുൽ ജെ.നായർ, ബിന്നി സാഹിതി, എൽ.വി.എച്ച്.എസ് സ്കൂൾ മാനേജർ വി.രമ, പ്രധാനാദ്ധ്യാപിക എൽ.ടി.അനീഷ് ജ്യോതി, പി.ടി.എ പ്രസിഡന്റ് ഉദയകുമാർ, മാനേജ്മെന്റ് പ്രതിനിധി പി. പ്രവീൺ, സ്കൂൾ പി.ടി.എ വൈസ് പ്രസിഡന്റ് ബൈജു ദിവാകർ തുടങ്ങിയവർ പങ്കെടുത്തു.