ph

കാലടി: മുതിർന്ന പൗരന്മാരുടെ പ്രശ്നങ്ങൾ പഠിച്ച് പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാർ വയോജന കമ്മിഷൻ രൂപീകരിക്കുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. അശരണരായ മുതിർന്ന പൗരന്മാർക്ക് അഭയകേന്ദ്രമായി പ്രവർത്തിക്കുന്ന കാലടി മാണിക്യമംഗലം സായിശങ്കര ശാന്തികേന്ദ്രം പുതിയതായി നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയോമിത്രമായി പ്രവർത്തിക്കുന്ന സായി ശങ്കരകേന്ദ്രം പോലുള്ള സ്ഥാപനങ്ങൾ സമൂഹത്തിൽ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

നിരാലംബരായ നൂറിലേറെ മാതാപിതാക്കളെ സ്വന്തം കുടുംബമെന്നപോലെ സംരക്ഷിച്ച് പരിപാലിക്കുന്ന സ്ഥാപനമാണ് കാലടി മാണിക്യമംഗലം ചിറയോട് ചേർന്ന് പ്രവർത്തിക്കുന്ന സായി ശങ്കര ശാന്തികേന്ദ്രം. കാലടിയിൽത്തന്നെ സായി മാധവം, സായി കേശവം എന്നീ ശാഖകളും പ്രവർത്തിക്കുന്നുണ്ട്. കോട്ടയം നെടുങ്കുന്നം സ്വദേശിയായ പി.എൻ. ശ്രീനിവാസനാണ് തന്റെ ജീവിതാനുഭവങ്ങളിൽ പ്രചോദനമുൾക്കൊണ്ട് വയോജന സംരക്ഷണം ഏറ്റെടുത്തത്. ചടങ്ങിൽ കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പള്ളി അദ്ധ്യക്ഷനായി. കേരളകൗമുദി യൂണിറ്റ് ചീഫ് പ്രഭു വാര്യർ മുഖ്യപ്രഭാഷണം നടത്തി. ഒറ്റപ്പെട്ടവർക്കും വയോജനങ്ങൾ ഉൾപ്പെടെ സംരക്ഷണം ആവശ്യമുള്ളവർക്കും അഭയകേന്ദ്രമാണ് സായി ശങ്കര ശാന്തികേന്ദ്രമെന്ന് പ്രഭുവാര്യർ പറഞ്ഞു.

ആലുവ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എ. ചാക്കോച്ചൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ, കാലടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക ബാലകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷിജി വർഗീസ്, ഷീജ സെബാസ്റ്റ്യൻ, സ്മിത ബിജു, ശാന്ത ബിനു, പുട്ടപർത്തി ശങ്കരനാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു.

കേരളകൗമുദിയുടെ പ്രാദേശിക ലേഖകർക്കുള്ള പത്രാധിപർ പുരസ്കാരം നേടിയ വി.കെ. ഷാജിയെ മന്ത്രി കെ.എൻ. ബാലഗോപാൽ മെമന്റോ നൽകി ആദരിച്ചു. സായിശങ്കര ശാന്തികേന്ദ്രം ‌ഡയറക്ടർ പി.എൻ. ശ്രീനിവാസൻ സ്വാഗതം പറഞ്ഞു. മാണിക്യമംഗലം സെന്റ് ക്ലെയർ സ്കൂൾ കുട്ടികളുടെ ബാൻഡ് മേളത്തോടെയാണ് മന്ത്രിയെ വേദിയിലേക്ക് ആനയിച്ചത്. സമ്മേളനത്തിനുശേഷം കാർത്യായനി ഓർക്കസ്ട്രയുടെ ഗാനസന്ധ്യയും അരങ്ങേറി.