കാക്കനാട്: കൊച്ചി നഗരത്തിലെയും ജില്ലയിലെ വിവിധ ഭാഗങ്ങളിലേയും ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതിയോഗം ആവശ്യപ്പെട്ടു. കുണ്ടന്നൂ‍ർ - തോപ്പുംപടി റോഡ്, ചെലവന്നൂർ ബണ്ട് റോഡ് എന്നിവിടങ്ങളിൽ അറ്റകുറ്റപ്പണി നീണ്ടുപോകുന്നത് മൂലമുള്ള പ്രതിസന്ധി ജനപ്രതിനിധികൾ ശ്രദ്ധയിൽപ്പെടുത്തി. അറ്റകുറ്റപ്പണി പൂർത്തിയാക്കി റോഡുകൾ ഉടനെ തുറന്നു കൊടുക്കുമെന്ന് ബന്ധപ്പെട്ട ഏജൻസികൾ അറിയിച്ചിട്ടുണ്ടെന്ന് യോഗത്തിൽ അദ്ധ്യക്ഷനായ കളക്ടർ എൻ.എസ്.കെ ഉമേഷ് പറഞ്ഞു. ഉമ തോമസ് എം.എൽ.എയാണ് നഗരത്തിലെ റോഡുകളുടെ സ്ഥിതി സമിതിയിൽ ഉന്നയിച്ചത്. പാലാരിവട്ടം - തമ്മനം റൂട്ടിൽ ഏഴുമണിക്കുശേഷം ബസുകൾ കുറവാണെന്നും എം.എൽ.എ പറഞ്ഞു.

അനൂപ് ജേക്കബ് എം.എൽ.എ

* പാഴൂർ കളമ്പൂർ തൂക്കുപാലത്തിന്റെ സുരക്ഷ പരിശോധിക്കുന്നതിനോടൊപ്പം അറ്റകുറ്റപ്പണി അടിയന്തരമായി പൂർത്തിയാക്കണം

* പിറവത്തുനിന്ന് എറണാകുളത്തേക്കും മൂവാറ്റുപുഴയിലേക്കുമുള്ള റോഡുകളിലെ കുഴികൾ നികത്തണം. ചോറ്റാനിക്കര - പേപ്പതി, കാഞ്ഞിരമറ്റം - പുത്തൻകാവ് എന്നീ റോഡുകൾ ശബരിമലയിലേക്കുള്ള തീർത്ഥാടനത്തിരക്ക് വർദ്ധിക്കുന്നതിനുമുമ്പ് പൂർത്തിയാക്കണം. കൂത്താട്ടുകുളം സ്റ്റാൻഡിൽ രാത്രികാലത്ത് ബസുകൾ കയറുന്നത് ഉറപ്പാക്കണം. മാമലശേരി കുടിവെള്ള പദ്ധതിയുടെ പൂർത്തീകരണം വൈകരുത്.

പി.വി. ശ്രീനിജിൻ എം.എൽ.എ

* കിഴക്കമ്പലം, മഴുവന്നൂർ, കുന്നത്തുനാട്, ഐക്കരനാട്, എന്നിവിടങ്ങളിലെ അങ്കണവാടികളിൽ ജീവനക്കാരെ നിയമിക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കണം. കിഴക്കമ്പലം വില്ലേജിൽ പാറക്കാട്ടുമുകൾ ചാപ്പലിനോട് ചേർന്ന് കിടക്കുന്ന സ്ഥലത്ത് ചട്ടങ്ങൾ പാലിക്കാതെ അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുവാനുള്ള നീക്കം പരിശോധിക്കണം.

കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ

കുഴുപ്പിള്ളി, ഗ്രാമപഞ്ചായത്ത് മൂന്നാംവാർഡിലെ അംബേദ്‌കർ പട്ടികജാതി കോളനിയിലെ 27 കുടുംബങ്ങൾക്ക് 2004ൽ പട്ടയം ലഭിച്ച ഭൂമിയുടെ പോക്കുവരവ് നടപടികൾ പൂർത്തിയാക്കണം. വൈപ്പിൻ-പള്ളിപ്പുറം സമാന്തര റോഡിന്റെ നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കണം.

ഭൂമി തരംമാറ്റം: അദാലത്തുകൾ

ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട അപേക്ഷകൾ തീർപ്പാക്കുന്നതിനുള്ള അദാലത്തുകൾ നവംബർ ഏഴുമുതൽ 15 വരെ വിവിധ താലൂക്കുകളിലായി നടക്കുമെന്ന് കളക്ടർ അറിയിച്ചു. ഏഴിന് മൂവാറ്റുപുഴ, എട്ടിന് കോതമംഗലം, 11ന് കൊച്ചി, 12ന് കുന്നത്തുനാട്, 13ന് ആലുവ, 14ന് പറവൂർ, 15ന് കണയന്നൂർ എന്നിങ്ങനെയാണ് അദാലത്തുകൾ നിശ്ചയിച്ചിരിക്കുന്നത്.

* ജാഗ്രത പാലിക്കണം

പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കളക്ടർ ആരോഗ്യ വകുപ്പിന് നി‍ർദ്ദേശം നൽകി. കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കണം. സംസ്ഥാന സ്കൂൾ ഒളിംപിക്സിന്റെ വിജയത്തിനായി വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും കളക്ടർ പറഞ്ഞു.