 പ്രതികളുമായി തെളിവെടുപ്പ് നടത്തി

കൊച്ചി: പ്രമുഖ സംഗീതഞ്ജൻ അലൻ വാക്കറുടെ കൊച്ചിയിലെ മ്യൂസിക് ഷോയ്ക്കിടെ കൂട്ട മൊബൈൽ കവർച്ചനടത്തിയ കേസിൽ പ്രത്യേക അന്വേഷണസംഘം വൈകാതെ വാരണാസിലേക്ക് പുറപ്പെടും. കേസിലെ മുഖ്യപ്രതിയായ പ്രമോദ് യാദവ് സംഘവും വാരണാസിലേക്ക് കടന്നതായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. ഇയാളെ പിടികൂടിയാൽ കൂട്ടുപ്രതികളിലേക്ക് അനായാസം എത്തിച്ചേരാനാകുമെന്നാണ് പൊലീസ് പ്രതീക്ഷ. പ്രമോദ് യാദവടക്കം നാല് പേരെയാണ് ഇനി പിടികൂടാനുള്ളത്.

അതേസമയം, പിടിയിലായ ഡൽഹി മോഷണസംഘത്തിലെ ആതിക് ഉർ റഹ്മാൻ (38), വസീം അഹമ്മദ് (32), മുംബയ് മോഷണ സംഘത്തിലെ സണ്ണി ഭോല യാദവ് (27), ശ്യാം ബരൺവാൾ (32) എന്നിവരുമായി സംഗീതനിശ നടന്ന ബോൾഗാട്ടി പാലസ് ഗ്രൗണ്ടിലും പ്രതികൾ കൊച്ചിയിൽ താമസിച്ച ഹോട്ടലുകളിലും തെളിവെടുപ്പ് നടത്തി. വൈകിട്ട് 4.30 ഓടെ ആരംഭിച്ച തെളിവെടുപ്പ് 6.30 വരെ നീണ്ടു. രണ്ട് സംഘങ്ങളായി ഇവിടെയാണ് പ്രതികൾ വന്നിറങ്ങിയ ബോൾഗാട്ടി ജംഗ്ഷനിലായിരുന്നു ആദ്യ തെളിവെടുപ്പ്. ശേഷം കാൽനടയായി ഗ്രൗണ്ടിലേക്ക് പോയി.

പ്രമോദ് യാദവാണ് മുംബയ് സംഘത്തിന് ബ്ലാക്കിൽ ടിക്കറ്റെടുത്ത് കൊടുത്തത്. ബോൾഗാട്ടി പാലസ് ഗ്രൗണ്ടിലെ തെളിവെടുപ്പിൽ മോഷണ രീതികളും മറ്റും നാലുപേരും വിശദീകരിച്ചു. തുടർന്ന് ഇവരെ ഡൽഹി സംഘം താമസിച്ച നോർത്തിലെ ഗ്രാൻഡ് ലോഡ്ജിലും മുംബയ് സംഘം താമസിച്ച എം.ജി റോഡിലെ ശ്രീനിവാസ ലോഡ്ജിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. സണ്ണി ഭോല യാദവ് (27), ശ്യാം ബരൺവാൾ (32) എന്നിവരെ ശനിയാഴ്ചയാണ് കസ്റ്റഡിയിൽ ലഭിച്ചത്.

ഇരു സംഘങ്ങളിലും നിന്ന് ലഭിച്ച 24 ഫോണുകളിൽ ഏഴെണ്ണം കൊച്ചിയിൽ നിന്ന് മോഷണം പോയതായി സ്ഥിരീകരിച്ചു. മറ്റ് 17 ഫോണുകൾ ഡൽഹിയിൽ നടന്ന അലൻ വാക്കർ ഷോയ്ക്കിടെ മോഷ്ടിച്ചതാണെന്നാണ് നിഗമനം. ഇതിനായി അന്വേഷണ സംഘം ഡൽഹി പൊലീസുമായി ബന്ധപ്പെട്ടതായും സൂചനയുണ്ട്. നാലു പേരെയും ഒന്നിച്ചിരുത്തി വിശദമായി ചോദ്യം ചെയ്യും.
കൊച്ചി ബോൾഗാട്ടി പാലസിൽ ഈമാസം ആറിന് പതിനായിരത്തോളംപേർ പങ്കെടുത്ത മ്യൂസിക് ഷോയ്ക്കിടെയായിരുന്നു മോഷണം.