കൊച്ചി: ഇന്ന് 98-ാം ജന്മദിനം ആഘോഷിക്കുന്ന പ്രൊഫ.എം.കെ. സാനുവിനെ ശ്രീനാരായണ സേവാസംഘവും എം.കെ. സാനു സാഹിത്യപുരസ്കാര സമിതിയും ആദരിക്കും. രാവിലെ 9.30ന് എറണാകുളം സഹോദര സൗധത്തിൽ ശ്രീനാരായണസേവാസംഘം സംഘടിപ്പിക്കുന്ന ചടങ്ങ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ സേവാസംഘം പ്രസിഡന്റ് അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ അദ്ധ്യക്ഷനാകും. ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അനുഗ്രഹ പ്രഭാഷണവും കെ.പി.സി.സി സംഘടനാ സെക്രട്ടറി അഡ്വ.എം.ലിജു മുഖ്യപ്രഭാഷണവും നടത്തും. ശ്രീനാരായണ സഹോദര ധർമ്മവേദി ചെയർമാൻ ഗോകുലം ഗോപാലൻ എം.കെ. സാനുവിനെ പൊന്നാട അണിയിച്ച് ആദരിക്കും. എ.വി.എ ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർമാൻ എ.വി. അനൂപ് ഉപഹാരം സമർപ്പിക്കും.
എം.കെ. സാനു സാഹിത്യപുരസ്കാര സമിതിയുടെ ആഭിമുഖ്യത്തിൽ വൈകിട്ട് 3.30ന് ബി.ടി.എച്ച് ഹാളിൽ നടക്കുന്ന സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. മേയർ അഡ്വ.എം. അനിൽകുമാർ അദ്ധ്യക്ഷനാകും. തൃപ്പൂണിത്തുറ ചോയ്സ് സ്കൂൾ പ്രിൻസിപ്പൽ റേച്ചൽ ഇഗ്നേഷ്യസിന് എം.കെ. സാനു ഗുരുശ്രേഷ്ഠ അദ്ധ്യാപക അവാർഡ് മന്ത്രി രാജീവ് സമർപ്പിക്കും. ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, കൗൺസിലർ പത്മജ എസ്. മേനോൻ, രഞ്ജിത് എസ്. ഭദ്രൻ തുടങ്ങിയവർ സംസാരിക്കും.