
കൊച്ചി: പ്രൊഫ.എം.കെ. സാനുവിന്റെ 98-ാം പിറന്നാൾ ആഘോഷം ഇന്ന്. രാവിലെ 9.30ന് എറണാകുളം സഹോദര സൗധത്തിലെ സ്വീകരണം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, കെ.പി.സി.സി സംഘടനാസെക്രട്ടറി അഡ്വ.എം. ലിജു, ശ്രീനാരായണ സഹോദര ധർമ്മവേദി ചെയർമാൻ ഗോകുലം ഗോപാലൻ, എ.വി.എ ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർമാൻ എ.വി. അനൂപ് തുടങ്ങിയവർ പങ്കെടുക്കും.
ചാവറ കൾച്ചറൽ സെന്ററിൽ 11ന് നടക്കുന്ന ജന്മദിനാഘോഷത്തിൽ എം.കെ. സാനുവിന്റെ പുതിയ പുസ്തകമായ 'അന്തിമേഘങ്ങളിലെ വർണഭേദങ്ങൾ' പ്രകാശിപ്പിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രനും പങ്കെടുക്കും. എം.കെ. സാനുവിനെക്കുറിച്ച് ഡോ. തോമസ് മാത്യു രചിച്ച ഗുരവേ നമഃയും ചടങ്ങിൽ പ്രകാശനം ചെയ്യും.
എം.കെ. സാനു സാഹിത്യപുരസ്കാര സമിതിയുടെ ആഭിമുഖ്യത്തിൽ വൈകിട്ട് 3.30ന് ബി.ടി.എച്ച് ഹാളിൽ നടക്കുന്ന സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. മേയർ അഡ്വ.എം. അനിൽകുമാർ അദ്ധ്യക്ഷനാകും.
1927 ഒക്ടോബർ 27ന് ആലപ്പുഴ തുമ്പോളി മംഗലത്ത് തറവാട്ടിൽ എം.സി. കേശവൻ - കെ.പി. ഭവാനി ദമ്പതികളുടെ മകനായാണ് സാനു ജനിച്ചത്.