panchagusthy

മൂവാറ്റുപുഴ: ഏഷ്യൻ പഞ്ചഗുസ്തി ചാംപ്യൻഷിപ്പിലെ താരങ്ങളായി മൂവാറ്റുപുഴയിൽ നിന്നുള്ള അമ്മയും മൂന്ന് പെൺമക്കളും. നാലു പേരും ചേർന്നു നേടിയത് എട്ട് മെഡലുകളാണ്. പഞ്ചഗുസ്‌തി മത്സരങ്ങളിൽ തുടർച്ചയായി പങ്കെടുക്കുന്ന മൂവാറ്റുപുഴ മേലേത്ത്‌ഞ്യാലിൽ സുരേഷ് മാധവന്റെ ഭാര്യ റീജ, മക്കളായ ആർദ്ര, അമേയ, ആരാധ്യ എന്നിവരാണ് ഏഷ്യൻ പഞ്ചഗുസ്തി മത്സരത്തിലെ താരങ്ങളായത്. ഇത്തവണ കാലിൽ പരിക്കേറ്റിരിക്കുന്നതിനാൽ സുരേഷ് മാധവന് മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും അമ്മയും മക്കളും മെഡലുകൾ വാരിക്കൂട്ടി. 40 വയസ്സിനു മുകളിലുള്ളവരുടെ ഇടത് - വലത് കൈ മത്സരങ്ങളിൽ പങ്കെടുത്ത റീജ 2 വെള്ളി മെഡലുകളാണ് നേടിയത്. 23 വയസിനു താഴെയുള്ളവരുടെ വിഭാഗം മത്സരങ്ങളിൽ പങ്കെടുത്ത ആർദ്ര 1 വെള്ളി മെഡലും 1 വെങ്കല മെഡലും നേടി. സബ് ജൂനിയർ വിഭാഗത്തിൽ 50 കിലോ വിഭാഗം മത്സരങ്ങളിൽ പങ്കെടുത്ത അമേയ 2 സ്വർണം നേടി. സബ് ജൂനിയർ 40 കിലോ വിഭാഗം മത്സരങ്ങളിൽ നിന്ന് ആരാധ്യ 2 വെള്ളി മെഡലുകളും നേടി. കോട്ടയം മെഡിക്കൽ കോളജ് ബി.പി.ടി വിദ്യാർത്ഥിനിയാണ് ആർദ്ര. മൂവാറ്റുപുഴ സെന്റ് അഗസ്റ്റ്യൻസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് അമേയ. ആരാധ്യ ആരക്കുഴ സെന്റ് ജോസഫ് ഹൈസ്‌കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്. അമ്മ റീജ വീട്ടിൽ ഫിറ്റ്നസ് സെന്ററും പഞ്ചഗുസ്‌തിയിൽ പരിശീലനവും നൽകിവരുന്നു. പഞ്ചഗുസ്തി കുടുംബമെന്നാണ് ഇവരെ മൂവാറ്രുപുഴയിൽ അറിയപ്പെടുന്നത്.