
കൊച്ചി: സ്വയം വിശ്വസിച്ചും തന്നെത്തന്നെ സ്‌നേഹിച്ചും മുന്നോട്ടു പോകണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് മുൻ ക്യാപ്ടൻ കപിൽ ദേവ് പറഞ്ഞു. റോട്ടറി ക്ലബ്ബ് ഒഫ് കൊച്ചിൻ ഡൗൺടൗൺ സംഘടിപ്പിച്ച ലീഡർഷിപ്പ് സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ നിമിഷവും ആസ്വദിക്കാൻ സാധിച്ചാൽ സാഹചര്യങ്ങൾ മാറ്റിമറിക്കാം. എല്ലാ കാര്യങ്ങളും പോസിറ്റീവായി കാണണമെന്നും ഭാഗ്യവാന്മാരുടെ ജീവിതം നൽകിയതിന് ദൈവത്തോട് നന്ദിയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ക്രിക്കറ്റർമാർ ഉൾപ്പെടെ കായിക താരങ്ങളെല്ലാം സൃഷ്ടിക്കപ്പെടുന്നത് പകുതി തങ്ങളുടെ കഴിവിനാലും ബാക്കി മാദ്ധ്യമങ്ങളും കമന്റേറ്റർമാരാലുമാണ്. അദ്ദേഹം പറഞ്ഞു.
ചർച്ചയിൽ റോട്ടറി മുൻ ഗവർണർ ആർ. മാധവ് ചന്ദ്രൻ മോഡറേറ്ററായിരുന്നു. സെമിനാറിൽ ഹൈക്കോടതി ജഡ്ജി ഡോ. ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ, റോട്ടറി ഇന്റർനാഷണൽ മുൻ ഡയറക്ടർ എ.എസ്.വെങ്കടേഷ്, മൻസൂർ അലിഖാൻ, കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. സി.ജെ ജോൺ, ഡിസ്ട്രിക്ട് ഗവർണർ അഡ്വ. എ.കെ.എസ്.എൻ. സുന്ദര വടിവേലു, ഡിസ്ട്രിക്ട് ട്രെയ്‌നർ ജോസ് ചാക്കോ എം, റോട്ടറി കൊച്ചിൻ ഡൗൺ ടൗൺ പ്രസിഡന്റ് അഡ്വ. രേഖ അഗർവാൾ, സെക്രട്ടറി പ്രിയ ഫാസിൽ, ലീഡ് 2024 ചെയർമാൻ ഡോ. അനിൽ ജോസഫ്, കോർഡനേറ്റർ മിബു ജോസ് നെറ്റിക്കാടൻ എന്നിവർ പങ്കെടുത്തു.