 
മൂവാറ്റുപുഴ: ഇ.ഇ.സി മാർക്കറ്റ് റോഡിലെ മാലിന്യ ചതുപ്പ് നഗരവാസികൾക്കും നഗരത്തിലെത്തുന്നവർക്കും ദുരിതമാകുന്നു. മൂവാറ്റുപുഴ ഇ.ഇ.സി മാർക്കറ്റ് റോഡിൽ നഗരസഭ സ്റ്റേഡിയത്തിന് സമീപത്തെ ചതുപ്പ് നിലമാണ് മലിനജലത്താൽ നിറഞ്ഞ് മുങ്ങിയിരിക്കുന്നത്. നൂറ് കണക്കിന് യാത്രക്കാർ കാൽനടയായും വാഹനത്തിലും സഞ്ചരിക്കുന്ന റോഡിലൂടെ മൂക്കുപൊത്താതെ കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. മാസങ്ങളായി ഈ അവസ്ഥ തുടരുകയാണ്. ഇ.ഇ.സി മാർക്കറ്റ് റോഡിന് സമീപത്തെ വ്യാപരസ്ഥാപനങ്ങളിൽ നിന്നടക്കം ഒഴുകിയെത്തുന്ന മലിന ജലമാണ് മാലിന്യ താടകം രൂപപ്പെടാൻ കാരണം. ദുർഗന്ധം മാത്രമല്ല ഈച്ചയും കൊതുകുകളടക്കം പെറ്രുപെരുകുന്ന കേന്ദ്രമായും ഇത് മാറിയിട്ടുണ്ട്. നഗരസഭ ആരോഗ്യ വിഭാഗം ഈ ഭാഗത്തേക്ക് എത്തിനോക്കുന്നില്ലെന്ന പരാതിയാണ് പ്രദേശവാസികൾക്കുള്ളത്. നഗരമദ്ധ്യത്തിലെ ഈ മാലിന്യ ചതുപ്പും തടാകവും മൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതോടൊപ്പം മാലിന്യം പൊതുഇടങ്ങളിലേക്ക് ഒഴുക്കുന്ന വ്യാപാരസ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ നഗരസഭ ആരോഗ്യ വിഭാഗം തയ്യാറാകണമെന്ന ആവശ്യവും ശക്തമാണ്.