h

കൊച്ചി: ബി.ജെ.പിയിൽ സീറ്റ് ചോദിച്ചിട്ട് കിട്ടാത്തതിനാൽ കോൺഗ്രസ് വിട്ടവന് 24 മണിക്കൂറിനകം സീറ്റ് നൽകിയ നാണംകെട്ട സി.പി.എമ്മാണ് പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർത്ഥിത്വം വിവാദമാക്കാൻ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. പാർലമെന്റ് തിരഞ്ഞെടുപ്പുകാലത്തെ ന്യൂനപക്ഷപ്രീണനം വിജയം കാണാത്തതിനാലാണ് ഇപ്പോൾ ഭൂരിപക്ഷപ്രീണനത്തിന് സി.പി.എം ശ്രമിക്കുന്നത്.

വെള്ളംകോരിയും വിറകുവെട്ടിയും നടന്നവരെ പരിഗണിക്കാതെ കോൺഗ്രസ് വിട്ടയാൾക്ക് സീറ്റ് നൽകിയ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്, വി.ഡി.സതീശന്റെ പ്ലാനാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വമെന്ന് പറയാൻ നാണമില്ലേ. ഡി.സി.സി അദ്ധ്യക്ഷൻ നിർദ്ദേശിച്ച മൂന്നിൽ ഒരാളാണ് സ്ഥാനാർത്ഥിയായത്. തിരഞ്ഞെടുപ്പുകളിൽ നിരവധി പേരുകൾ ചർച്ച ചെയ്യും. 1991ൽ ബി.ജെ.പിയുടെ പിന്തുണ സി.പി.എം വാങ്ങിയത് സംബന്ധിച്ച കത്ത് പുറത്തുവന്നിട്ടുണ്ട്.

സി.പി.എമ്മിന്റെ ഭൂരിപക്ഷപ്രീണനത്തിന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പ് കാലത്ത് പി.ജയരാജൻ പുസ്‌തകം ഇറക്കിയത്. കേരളം മുഴുവൻ പി.ഡി.പി പിന്തുണയുള്ള സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാൻ പറഞ്ഞവരാണ് പി.ഡി.പി- മഅ്ദനി വിരോധം പറയുന്നത്.

പൂരം അന്വേഷണം

അട്ടിമറിക്കുന്നു

തൃശൂർപൂരം കലക്കിയിട്ടില്ലെന്നും വെടിക്കെട്ട് മാത്രമാണ് വൈകിയതെന്നും മുഖ്യമന്ത്രി പറഞ്ഞത് ത്രിതല അന്വേഷണം അട്ടിമറിക്കാനാണ്. കാര്യങ്ങൾ മുഖ്യമന്ത്രി മറച്ചു വയ്ക്കുന്നത് ആർ.എസ്.എസിനെ സന്തോഷിപ്പിക്കാനാണ്. പൂരം കലക്കിയതല്ലെന്ന് സി.പി.ഐക്കാർ പറയട്ടെ. പൂരം കലക്കിയതിനെക്കുറിച്ച് ജുഡിഷ്യൽ അന്വേഷണം വേണം.