arrest

കൊച്ചി: ജില്ലയിൽ മയക്കുമരുന്ന് വ്യാപനം തടയാൻ തുനിഞ്ഞിറങ്ങിയ പൊലീസ്, പ്രിവൻഷൻ ഒഫ് ഇല്ലിസിറ്റ് ട്രാഫിക്ക് ഇൻ നർകോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക്ക് സബ്സ്റ്റൻസസ് ആക്ട് (പിറ്റ് എൻ.ഡി.പി.എസ് ) ചുമത്തി ഈ വർഷം ഇതുവരെ ജയിലടച്ചത് 14 ലഹരിക്കേസ് പ്രതികളെ. 14ൽ 11 പേരും എറണാകുളം റൂറൽ പൊലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അഴിക്കുള്ളിലായത്. ശനിയാഴ്ച ജയിലിലടച്ച യുവാവുൾപ്പെടെ മൂന്ന് പേരെ സിറ്റി പൊലീസും അകത്താക്കി.

അറസ്റ്റിലായാലും വൈകാതെ പുറത്തിറങ്ങി വീണ്ടും ലഹരി ഇടപാട് നടത്തി പണം സമ്പാദിക്കുന്നതാണ് ലഹരിക്കച്ചവടക്കാരുടെ രീതി. ഒപ്പം മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് മതിയായ ശിക്ഷ ലഭിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. കൂടാതെ ലഹരിക്കേസുകളിൽ രാജ്യത്തെ ആദ്യ പത്ത് നഗരങ്ങളിൽ കൊച്ചിയും ഉൾപ്പെട്ടതോടെയാണ് പിറ്റ് ആക്ട് നടപ്പാക്കാൻ റൂറൽ,​ സിറ്റി പൊലീസ് ഒന്നിച്ചിറങ്ങിയത്.

 നടപടി ക്രമങ്ങൾ

1. തുടർച്ചയായി അറസ്റ്റിലായവരുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ച് റിപ്പോർട്ട് തയ്യാറാക്കുന്നതാണ് ആദ്യനടപടി.

2. അതാത് ജില്ലാ പൊലീസ് മേധാവിമാർ പരിശോധിച്ച് ഉറപ്പാക്കും.

3. രണ്ടാം ഘട്ടത്തിൽ ഈ റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് കൈമാറും. ആഭ്യന്തരവകുപ്പ് സെക്രട്ടറി പഠിക്കും.

4. പിറ്റ് ആക്ട് ചുമത്തേണ്ടവരാണെന്ന് വ്യക്തമായാൽ തുടർനടപടിക്ക് അനുമതി നൽകുന്നതോടെ പൊലീസ് അറസ്റ്റിലേക്ക് കടക്കും.

5. പിറ്റ് ചുമത്തുന്ന പ്രതികളെ തൃശൂർ വിയ്യൂർ ജയിലിലേക്കാണ് മാറ്റും. പുറത്തിറങ്ങി വീണ്ടും ലഹരിയിടപാട് തുടർന്ന് പിടിയിലായാൽ ജാമ്യംപോലും ലഭിക്കില്ല.

 പിറ്റ് നിയമം 1988
അപകടകരമായ മയക്കുമരുന്നുകളുടെയും ലഹരി പദാർത്ഥങ്ങളുടെയും അനധികൃത വിതരണം തടയുന്നതാണ് 1988 ലെ പിറ്റ് നിയമം. തുടരെത്തുടരെ ലഹരിക്കേസിൽ പ്രതികളാകുന്നവരെ കാപ്പ മാതൃകയിലുള്ള നിയമമനുസരിച്ച് ഒരു വർഷം വരെ കരുതൽ തടങ്കലിൽ വയ്ക്കാനാവും.

 ആദ്യ പിറ്റ് റൂറലിൽ
സംസ്ഥാനത്ത് പിറ്റ് ആക്ട് ആദ്യമായി ചുമത്തി ജയിലിലടച്ച് എറണാകുളം റൂറൽ പൊലീസാണ്. പെരുമ്പാവൂർ സ്വദേശി അനസായിരുന്നു പ്രതി. മരട് ഷണ്മുഖ വിലാസത്തിൽ അരുൺ ഷെൽവനാണ് സിറ്റി പൊലീസ് ജയിലിലടച്ചത്. കാസർകോഡ് സ്വദേശി അബ്ദുൽ സലാം, എടത്തല സ്വദേശിയായ സനൂപ് എന്നിവരും തടങ്കലിലാണ്.

 റൂറൽ ജില്ലയിൽ 30 പേരുടെ പട്ടിക തയ്യാറാക്കി അനുമതിക്ക് കാത്തിരിക്കുകയാണ്.