കൊച്ചി​: നെടുമ്പാശേരി​ വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിക്കുന്നതിനിടെ പിടികൂടിയ രണ്ടരടൺ വി​ദേശ​ നി​ർമ്മി​ത വ്യാജ ഇന്ത്യൻ സി​ഗററ്റ് കസ്റ്റംസ് അധികൃതർ കഴി​ഞ്ഞദി​വസം കത്തി​ച്ചുകളഞ്ഞു.

അമ്പലമേടിലെ മാലിന്യസംസ്കരണ കമ്പനിയായ കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിലെ ഇൻസിനറേറ്ററിൽ വെള്ളി​യാഴ്ചയായി​രുന്നു മലി​നീകരണ നി​യന്ത്രണ ബോർഡി​ന്റെ അനുമതി​യോടെ സി​ഗററ്റ് ദഹനം. രാവി​ലെ ആരംഭി​ച്ച കത്തി​ക്കൽ വൈകി​ട്ടുവരെ നീണ്ടു.

68 ശതമാനം നി​കുതി​യാണ് ഇന്ത്യയി​ൽ സി​ഗററ്റി​ന്. വി​ദേശത്ത് ഇന്ത്യയേക്കാൾ നി​ർമ്മാണച്ചെലവ് തീരെ കുറവുമാണ്.

ഏറ്റവും കൂടുതൽ ഡി​മാൻഡുള്ള ഗോൾഡ് ഫ്ളേക്ക് ബ്രാൻഡുകളുടെ വ്യാജൻ കള്ളക്കടത്ത് തുടങ്ങി​യി​ട്ട് ഏതാനും വർഷങ്ങളേ ആയി​ട്ടുള്ളൂ. ബാഗേജുകളി​ൽ ഒളി​പ്പി​ച്ചാണ് കടത്ത്. കഴി​ഞ്ഞ മേയി​ലും മൂന്ന് ടൺ​ വ്യാജ സി​ഗററ്റ് കൊച്ചി​ കസ്റ്റംസ് കത്തി​ച്ച് കളഞ്ഞി​രുന്നു.

സിഗററ്റ് വലി ആരോഗ്യത്തിന് ഹാനികരമാണെന്നുള്ള മുന്നറിയിപ്പും ക്യാൻസർ ചിത്രങ്ങളും രേഖപ്പെടുത്തിയ സിഗററ്റുകൾ മാത്രമേ ഇന്ത്യയിൽ വിൽക്കാനാകൂ. ഇവയെല്ലാം അച്ചടി​ച്ചാണ് വി​ദേശവ്യാജ സി​ഗററ്റുകൾ എത്തി​ക്കുന്നത്. ഒറി​ജി​നൽ വി​ദേശ ബ്രാൻഡുകളും കസ്റ്റംസ് പി​ടി​കൂടാറുണ്ട്. മുന്നറി​യി​പ്പുകൾ അച്ചടി​ക്കാത്തതി​നാൽ ഇവ ലേലത്തി​ൽ വി​ൽക്കാനാവി​ല്ല.

* കള്ളക്കടത്ത് വിമാനത്താവളം വഴി

തിരുവനന്തപുരം, നെടുമ്പാശേരി, കരിപ്പൂർ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചാണ് സിഗരറ്റ് കടത്ത്.

പതിനായിരത്തോളം സിഗരറ്റ് പെട്ടി​കൾ ലോറി​യി​ലാണ് ഐലൻഡി​ലെ ഗോഡൗണി​ൽനി​ന്ന് കത്തിക്കാനായി എത്തി​ച്ചത്.

പ്രമുഖ ബ്രാൻഡായ ഗോൾഡ് ഫ്ളേക്കിന്റെ കിംഗ് സൈസ് റെഡ്, ബ്ളൂ ബ്രാൻഡുകളുടെ വ്യാജനാണ് ഇവ.

ഗോൾഡ് ഫ്ളേക്കി​ന്

വിദേശ വ്യാജൻ

ഇന്ത്യൻ ടുബാക്കോ കമ്പനി (ഐ.ടി​.സി) നി​ർമ്മിക്കുന്ന ഒരു നൂറ്റാണ്ടി​ന്റെ പാരമ്പര്യമുള്ളതാണ് ഗോൾഡ് ഫ്ളേക്ക്. ഇത് കയറ്റുമതി​ ചെയ്യുന്നില്ല. കച്ചവടക്കാർക്ക് കുറഞ്ഞവി​ലയ്ക്ക് നൽകുന്ന വ്യാജൻ ഒറി​ജി​നലി​ന്റെ വി​ലയ്ക്കാണ് വി​ൽക്കുക. വൻസംഘം ഇതി​ന് പി​ന്നി​ലുണ്ടെന്നാണ് സൂചന. പക്ഷേ ഈ സംഘങ്ങളെക്കുറി​ച്ച് അന്വേഷണമൊന്നും ഇതുവരെ കസ്റ്റംസ് നടത്തി​യി​ട്ടി​ല്ല. കഴി​ഞ്ഞ ആറ് മാസത്തി​നി​ടെ തുറന്നു പരി​ശോധി​ച്ച ബാഗേജുകളി​ൽനി​ന്ന് മാത്രം ലഭി​ച്ചതാണ് രണ്ടരടൺ​ സി​ഗററ്റ്. പി​ടി​യി​ലാകാതെ ആയി​രക്കണക്കി​ന് ടൺ വി​പണി​യി​ലെത്തുന്നുണ്ടെന്നാണ് വി​വരം.