
പറവൂർ: പറവൂർ ഉപജില്ല സ്കൂൾ കലോത്സവം ഇന്ന് രാവിലെ ഒമ്പതരയ്ക്ക് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ ശശിധരൻ അദ്ധ്യക്ഷനാകും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ മുഖ്യപ്രഭാഷണം നടത്തും. ഇനിയുള്ള നാലുനാൾ പതിനാല് വേദികളും സജീവമാകും. പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിലാണ് പ്രധാനവേദി. 323 ഇനങ്ങളിലായി 3,200 വിദ്യാർത്ഥികൾ കലാമാമാങ്കത്തിൽ പങ്കെടുക്കും. മത്സരാർത്ഥികൾക്ക് പുറമേ അദ്ധ്യാപകർ, ഒഫീഷ്യൽസ്, വളണ്ടിയർമാർ അടക്കം 6,000 പേരുടെ പങ്കാളിത്തം നാല് ദിവസങ്ങളിലും ഉണ്ടാകും. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മുഴുവൻ മത്സരങ്ങളും വെബ്ക്യാമറയിൽ പകർത്തും. ഗ്രീൻ പ്രോട്ടോകോൾ പാലിച്ചാണ് കലാമേള.
രുചിരം ഊട്ടുപുര
രുചിരം ഊട്ടുപുരയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ പാൽ കാച്ചി നിർവഹിച്ചു. നാല് ദിവസവും വിഭവ സമൃദ്ധമായ സദ്യയാണുള്ളത്. 28ന് പഴംപ്രഥമൻ, 29ന് പരിപ്പ്പായസം, 30ന് പാലടപായസം, സമാപനദിനമായ ഒക്ടോബർ ഒന്നിന് ഗോതമ്പ്പായസം. ഓരോദിനവും വ്യത്യാസമായ കറികളാണ് സദ്യക്കുള്ളത്. സാമ്പാർ, മോരുകറി, പച്ചടി, അവിയൽ, കിച്ചടി, ബീറ്ററൂട്ട് തോരൻ, കാളൻ, രസം, പച്ചമോര്, അച്ചാർ തുടങ്ങിയവയാണ് സദ്യയിലെ പ്രധാന വിഭവങ്ങൾ.
വേദികൾക്ക് പുഷ്പങ്ങളുടെ പേര്
പതിമൂന്ന് വേദികൾക്കും നി എന്ന അക്ഷരത്തിൽ തുടങ്ങുന്ന പൂക്കളുടെ പേരാണ് നൽകിയിട്ടുള്ളത്. പുല്ലംകുളം എസ്.എൻ. സ്കൂളിലെ പ്രധാന വേദിയുടെ പേര് നീർമാതളം, മറ്റുവേദികൾക്ക് നീലോല്പലം. നിത്യകല്യാണി , നിശാഗന്ധി, നീലത്താമര, നീർമരുത്, നീലാംഗിനി, നീലക്കടമ്പ്, നീലാംമ്പരി, നീലാഞ്ജനം, നീരജം, നീലാമ്പൽ, നീലാവലി.